ഇടുക്കി: വനമേഖലയിലെ താമസക്കാർക്ക് നഷ്‌ടപരിഹാരം നൽകി അവരുടെ പട്ടയ ഭൂമി ഏറ്റെടുക്കുന്ന സർക്കാർ പദ്ധതിയുമായി (ആർ.കെ.ടി.എഫ്) വനം വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ ചിന്നക്കനാൽ 301 കോളനിയിൽ പുതിയ കുടിയേറ്റക്കാർ എത്തുന്നതായി നാട്ടുകാരുടെ പരാതി. നേരത്തെ ഭൂമി ഉപേക്ഷിച്ചുപോയവരും പുതിയ കുടിയേറ്റക്കാരും ഇടനിലക്കാരുടെ സഹായത്തോടെയാണ് കോളനിയിൽ പുതുതായി ഷെഡ്ഡുകൾ നിർമ്മിക്കുന്നത്.
301 കോളനിയിൽ കുടിയേറ്റക്കാർ വർധിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി രണ്ടുപതിറ്റാണ്ട് മുമ്പ് 301 ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി സർക്കാർ കുടിയിരുത്തിയതാണ് 301 കോളനി. എന്നാൽ കാട്ടാന ശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ഭൂരിഭാഗം കുടുംബങ്ങളും സ്ഥലവും വീടും ഉപേക്ഷിച്ചുപോയി. നിലവിൽ നാൽപ്പതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.
കുടിയേറ്റക്കാർ വർധിക്കുന്നു: എന്നാൽ നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനുള്ള വനംവകുപ്പ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതിനുശേഷം ഭൂമി ഉപേക്ഷിച്ചു പോയവർ ഉൾപ്പെടെ തിരികെവന്ന് ഷെഡ്ഡുകൾ നിർമിക്കുന്നതായി നാട്ടുകാർ പറയുന്നു. ഭൂമിക്ക് അർഹതയില്ലാത്തവരും 301 കോളനിയിൽ എത്തി ഷെഡ്ഡുകൾ നിർമിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വനം വകുപ്പിൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ചിലർ പണം വാങ്ങിയാണ് ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കാടുവെട്ടിത്തെളിച്ചും പുതുതായി നിർമിച്ചതുമായ ഷെഡ്ഡുകൾ കാട്ടാനകൾ നശിപ്പിച്ച സംഭവവും ഉണ്ടായി. 301 കോളനിയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ നഷ്‌ടപരിഹാരം നൽകി ഒഴിപ്പിച്ചാൽ ഞങ്ങളും ഇവിടെനിന്ന് പോകേണ്ടിവരുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്. രണ്ടുപതിറ്റാണ്ടോളമായി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃഷി ചെയ്‌തു ജീവിച്ച മണ്ണ് ഉപേക്ഷിക്കാൻ തയാറല്ല എന്നാണ് ഇവർ പറയുന്നത്.
വാർത്തകൾ അടിസ്ഥാനരഹിതം: അതേസമയം കോളനിയിൽ നിന്നും കുടിയൊഴിപ്പിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വനംവകുപ്പ് പറയുന്നു. കോളനിയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാർ യഥാർഥ സ്ഥലമുടമകളാണോ എന്ന കാര്യത്തിൽ റവന്യു വകുപ്പും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.