ഇടുക്കി: മലനിരകളും അവക്കിടയില്‍ കണ്ണാടിപോലെ തോന്നുന്ന ജലാശയങ്ങളും ഇടുക്കിയുടെ സൗന്ദര്യമാണ്. പ്രകൃതി ഭംഗി മാത്രമല്ല നിഗൂഢമായ ചില കെട്ടുകഥകളും ഇടുക്കിയുടെ മനോഹാരിതയുമായി ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. അത്തരമൊരു സ്ഥലമാണ് ശാന്തന്‍പാറയിലെ അക്ക തങ്കച്ചി പാറ.
കെട്ടുകഥയും നിഗൂഢതയും ഇഴചേര്‍ന്ന അക്ക തങ്കച്ചി പാറ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്നും രണ്ട് കിലോമീറ്റർ മലകയറിയാൽ അക്ക തങ്കച്ചി പാറയിൽ എത്താം. ശിലായുഗ ശേഷിപ്പുകള്‍ കണ്ടെത്തിയ പ്രദേശം കൂടിയാണ് അക്ക തങ്കച്ചി പാറ. ഇടുക്കിയുടെ കാറ്റിനെയും തണുപ്പിനെയും വകവെക്കാതെ സഹോദരിമാരെ പോലെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് പാറകള്‍.
ഈ പാറകളെ ചുറ്റിപ്പറ്റി ഇടുക്കിക്കാര്‍ക്കിടയില്‍ നിഡൂഢമായൊരു കഥയുണ്ട്. മരണത്തില്‍ പോലും പിരിയരുതെന്ന് ആഗ്രഹിച്ച സഹോദരിമാരുടെ കഥ. കഥ ഇങ്ങനെയാണ്... ഏറെ സ്‌നേഹത്തിലായിരുന്നു മലമുകളിലെ ആ സഹോദരിമാര്‍.
ചേച്ചിക്കും അനിയത്തിക്കും പരസ്‌പരം കാണാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും പിരിയാന്‍ അവർ ആഗ്രഹിച്ചില്ല. സഹോദരിമാരുടെ പ്രാര്‍ഥന കേട്ട ദൈവം അവരെ ഒരിക്കലും പിരിയാത്ത വിധം രണ്ട് പാറകളാക്കി മാറ്റി. ഇന്നും ഒന്നിച്ച് ആ സഹോദരിമാര്‍ മലമുകളില്‍ ഉണ്ടെന്നാണ് വിശ്വാസം.
പാറകള്‍ക്ക് സമീപത്തു നിന്ന് നിരവധി ശിലകളും മുനിയറകളും പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നുള്ള ആനയിറങ്കൽ ജലാശയത്തിന്‍റെ വിദൂര ദൃശ്യവും അസ്‌തമയവും അതി മനോഹരമായ അനുഭവമാണ്. ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്ന അക്ക തങ്കച്ചി പാറയിലേക്ക് സഞ്ചാരികളെ എത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയാണ് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത്.