ഇടുക്കി: മൂന്നാറിനെ കൂടുതല്‍ മനോഹരിയാക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ജനമൈത്രി പൊലീസ്. മൂന്നാറിനെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് മൂന്നാറിന്‍റെ സൗന്ദര്യവത്കരണം ആരംഭിച്ചിട്ടുള്ളത്.
മൂന്നാറിനെ കൂടുതല്‍ മനോഹരിയാക്കാന്‍ ജനമൈത്രി പൊലീസ് - സ്റ്റുഡന്‍റ് പോലീസ്
മൂന്നാറിന്‍റെ തനിമ നിലനിര്‍ത്തി സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പാതയുടെ ഇരുവശങ്ങളിലും പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ റോഡിന്‍റെ ഇരുവശങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ ഒഴിപ്പിച്ചിരുന്നു. പാതയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മൂന്നാറിന്‍റെ പ്രവേശനകവാടമായ ഹെഡ് വര്‍ക്‌സ് ഡാം മുതല്‍ നല്ലതണ്ണി പാലം വരെയുള്ള ഭാഗത്താണ് ആദ്യം ചെടികൾ നട്ടുപിടിപ്പിക്കുന്നത്. ബഹുജന പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ചെടികള്‍ പരിപാലിക്കുന്നതിന് പഞ്ചായത്ത് തൊഴിലാളികളെ നിയമിക്കും. മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സ്റ്റുഡന്‍റ്സ് പൊലീസ്, ലയൺസ് ക്ലബ്, വിവിധ റസിഡൻസ് അസോസിയേഷനുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ ഉദ്ഘാടനം മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു.