ഇടുക്കി:പണം കൈപ്പറ്റിയിട്ടും മൂന്നാര്‍ ടൗണിലെ മാലിന്യം നീക്കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന പരാതി ശക്തം. കാര്‍ത്തിക, പൊങ്കല്‍ ഉത്സവങ്ങളിലെ വില്‍പനയ്‌ക്കുവച്ച കരിമ്പിന്‍റെ മാലിന്യങ്ങള്‍ നീക്കാന്‍ വ്യാപാരികളിൽ നിന്നും വലിയ തുക പിരിവ് നടത്തിയിരുന്നു. എന്നാല്‍, ദിവസം ഇത്രയും പിന്നിട്ടിട്ടും റോഡരികില്‍ കരിമ്പിന്‍റെ ഉപയോഗശൂന്യമായ ഭാഗങ്ങള്‍ ടൗണിന്‍റെ വിവിധ ഇടങ്ങളില്‍ കൂട്ടിയിട്ട നിലയിലാണ്.
മാലിന്യം നീക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും നടപടിയില്ല; മൂന്നാര്‍ ഗ്രാമ പഞ്ചായത്തിനെതിരെ പ്രദേശവാസികള്‍ - ഇടുക്കി
ഉത്സവവില്‍പനയ്‌ക്ക് എത്തിച്ച കരിമ്പ് മാലിന്യങ്ങള്‍, പണം വാങ്ങിയിട്ടും നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
ഇത് ടൗണില്‍ നിന്നും നീക്കം ചെയ്യുന്നതിനായി കരിമ്പ് വ്യാപാരികള്‍ നിന്ന് 1000 മുതല്‍ 3000 രൂപ പഞ്ചായത്ത് അധികൃതര്‍ ഈടാക്കിയിരുന്നു. ഇത്തരത്തില്‍ പണം ഈടാക്കി നാളുകള്‍ പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ല. വലിയ തോതില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ മൂന്നാറിലെ ടൂറിസം രംഗത്ത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനുമായി വലിയ തുകയാണ് പഞ്ചായത്ത് ചെലവിടുന്നത്. ഇതിനായി നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും വിവിധ നിരക്കിലുള്ള തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമ്പോഴും മാലിന്യം ഇല്ലാതാക്കുന്നതില്‍ പഞ്ചായത്ത് അലംഭാവം തുടരുന്നതായുള്ള ആരോപണവും ശക്തമാണ്.