ഇടുക്കി :കനത്ത മഴയിൽ മലയിടിഞ്ഞ് വീണതിനെ തുടർന്ന് 10 ദിവസമായി സ്‌തംഭിച്ച ദേവികുളം ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡിൽ കഴിഞ്ഞ 14നാണ് മലയിടിച്ചിലുണ്ടായത്. മേഖലയിൽ ശക്തമായ മഴ തുടർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ വൈകുകയായിരുന്നു.
ദേവികുളം ഗ്യാപ് റോഡിലെ മലയിടിച്ചിൽ ; ഗതാഗതം പുനഃസ്ഥാപിച്ചു - കൊച്ചി – ധനുഷ്കോടി ദേശീയപാത ഗ്യാപ് റോഡിലെ മലയിടിച്ചിൽ
പത്ത് ദിവസമായി ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ചിന്നക്കനാൽ,സൂര്യനെല്ലി നിവാസികളും വിനോദസഞ്ചാരികളും 62 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു.കനത്ത മഴയെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകിയത്
മഴയ്ക്ക് ശമനം ഉണ്ടായതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. മണ്ണും വലിയ പാറക്കല്ലുകളും റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. കഴിഞ്ഞ എട്ട് ദിവസം തുടർച്ചയായി മണ്ണ് നീക്കം ചെയ്‌തതിനെ തുടർന്നാണ് ഗതാഗതം പഴയപടിയാക്കിയത്.
ഇതുമൂലം ചിന്നക്കനാൽ,സൂര്യനെല്ലി നിവാസികളും വിനോദസഞ്ചാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു.62 കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. നിലവിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ ഗ്യാപ് റോഡ് ദേവികുളം വഴി വാഹന നിയന്ത്രണമില്ല.