ഇടുക്കി: ചുറ്റും കോടമഞ്ഞ്, ഒപ്പം ഡിസംബർ മാസത്തിലെ തണുപ്പും. യാത്രകളെ പ്രണയിക്കുന്നവരെ തന്‍റെ മടിത്തട്ടിലേക്ക് ക്ഷണിക്കുകയാണ് തെക്കിന്‍റെ കശ്‌മീരായ മൂന്നാർ. ഇടുക്കി എന്ന മിടുക്കിയുടെ സ്വന്തം മൂന്നാറിന്‍റെ ഈ വശ്യസൗന്ദര്യം ആസ്വദിക്കാൻ ധാരാളം പേരാണ് ഒഴുകിയെത്തുന്നത്.
കോടമഞ്ഞിന്‍റെ വശ്യമനോഹര കാഴ്‌ചകളൊരുക്കി മൂന്നാർ
ഡിസംബര്‍ മാസത്തിലെ മഞ്ഞ് വീഴ്‌ചയും തണുപ്പുമാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്
രണ്ട് പ്രളയങ്ങളും അതില്‍ നിന്ന് കരകയറും മുൻപ് പിടിമുറുക്കിയ കൊവിഡും മൂന്നാറിനെ നിശ്ചലമാക്കിയിരുന്നു. തുടർന്ന് മാസങ്ങള്‍ക്ക് ശേഷം വിലക്ക് നീങ്ങിയെങ്കിലും സഞ്ചാരികളുടെ വരവില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ അനുകൂല കാലാവസ്ഥ ആയതിനാൽ ധാരാളം സഞ്ചാരികൾ മൂന്നാറിന്‍റെ ഭംഗി ആസ്വദിക്കാൻ എത്തി തുടങ്ങി. മൂന്നാറിലേക്കെത്തുന്നെങ്കിൽ അതിപ്പോള്‍ വേണമെന്നാണ് സഞ്ചാരികളും പറയുന്നത്.
സഞ്ചാരികളെത്തി തുടങ്ങിയതോടെ മൂന്നാറിലെ വിനോദ സഞ്ചാര മേഖലകളും പഴയ പ്രതാപ കാലത്തേക്ക് മടങ്ങി വരികയാണ്. ഡിസംബര്‍ മാസത്തിലെ ശക്തമായ മഞ്ഞ് വീഴ്‌ചയും കടുത്ത തണുപ്പുമാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർ. വരയാടുകളുടെ താഴ്‌വരയായ രാജമല, മാട്ടുപ്പെട്ടി എക്കോ പോയിന്‍റ്, കുണ്ടള ഫോട്ടോ പോയിന്‍റ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ ഏറ്റവും കൂടുതല്‍ എത്തുന്നത്. പ്രതിസന്ധികളില്‍ നിന്ന് പതിയെ കരകയറുകയാണ് തെക്കിന്‍റെ കശ്‌മീര്‍. കോടമഞ്ഞ് പുതച്ച മലനിരകളും താഴ്‌വരകളും തേയില തോട്ടങ്ങളും ഒപ്പം ഡിസംബർ മാസത്തിലെ കുളിരും ഒരുക്കുന്ന മനോഹര കാഴ്‌ചകളെ തേടി കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയോടെ.