ഇടുക്കി:മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു (New task force to evacuate In Munnar). വീട് നിർമിക്കാൻ ഒരു സെന്‍റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അപ്പീലുകളില്ലാത്ത കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്‌ക്ഫോഴ്‌സിന്‍റെ ചുമതല.
തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് സംഘടന ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഹൈക്കോടതിയിൽ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച നിലപാട് അറിയിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കലക്‌ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും.
അതേസമയം ഇക്കാര്യത്തിൽ ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട മൂന്നാർ സ്പെഷൽ ബെഞ്ച് സർക്കാരിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മൂന്നാറിൽ കയ്യേറി നിർമിച്ച കെട്ടിടങ്ങളിൽ റിസോർട്ടുകളോ മറ്റോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇവയുടെ പ്രവർത്തനം നിർത്തിവെക്കാനും പൊലീസിനുൾപ്പെടെ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി കലക്‌ടർ അറിയിച്ചു.
ഇടുക്കി ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാനാവാത്ത ദുരന്ത സാധ്യതയുള്ള മേഖലകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ ഇത്തരം മേഖലകൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു. ഇക്കാര്യത്തിൽ പരിഹാര മാർഗങ്ങൾ സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽനിന്ന് റിപ്പോർട്ടും കോടതി തേടി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.