കേരളം

kerala

ETV Bharat / state

എലേനർ ഇപ്പോഴും പ്രണയിക്കുകയാണ് മൂന്നാറിനെയും ഹെന്‍റിയേയും - love story

മൂന്നാര്‍ സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിലെ ശവകുടീരത്തിന് ഇംഗ്ലണ്ടുകാരിയായ എലേനറുടെ പ്രണയത്തിന്‍റെയും വേര്‍പാടിന്‍റെയും കഥ പറയാനുണ്ട്.

എലേനറുടെ ശവകുടീരം  munnar church  elenar grave  munnar story  grave story  പ്രണയത്തിന്‍റെയും വേര്‍പാടിന്‍റെയും ഓര്‍മ്മയായി എലേനറുടെ ശവകുടീരം  love story  england
പ്രണയത്തിന്‍റെയും വേര്‍പാടിന്‍റെയും ഓര്‍മ്മയായി എലേനറുടെ ശവകുടീരം

By

Published : Dec 25, 2020, 10:28 PM IST

Updated : Dec 25, 2020, 10:47 PM IST

ഇടുക്കി:ഒരു ക്രിസ്‌മസ് കൂടി കടന്നുപോകുമ്പോൾ മഞ്ഞും കുളിരും നിറഞ്ഞ മൂന്നാറില്‍ തളിരണിഞ്ഞ പ്രണയ സ്മാരകത്തിന് 126 വർഷത്തെ പഴക്കം. മൂന്നാര്‍ സിഎസ്ഐ ക്രൈസ്റ്റ് പള്ളിയില്‍ ഇംഗ്ലണ്ടുകാരിയായ എലേനറുടെ ശവകുടീരത്തിന് പ്രണയത്തിന്‍റെയും വേര്‍പാടിന്‍റെയും കഥ പറയാനുണ്ട്. മൂന്നാറിലെ തോട്ടം മാനേജർ ഇംഗ്ലണ്ടുകാരന്‍ ഹെന്‍റിയുടേയും എലേനറുടേയും പ്രണയം ജീവിതത്തിലേക്ക് വിരുന്നുകയറിയപ്പോൾ മധുവിധുവിനായി ഇരുവരുമെത്തിയത് മൂന്നാറിലേക്കായിരുന്നു.

എലേനർ ഇപ്പോഴും പ്രണയിക്കുകയാണ് മൂന്നാറിനെയും ഹെന്‍റിയേയും

പ്രണയവും മൂന്നാറിന്‍റെ മനസും എലേനറെ ആകർഷിച്ചു. അതുകൊണ്ടു തന്നെ എലേനർ മൂന്നാറില്‍ നിന്ന് മടങ്ങിയില്ല. താന്‍ മരിച്ചാല്‍ ഈ മലമുകളില്‍ അടക്കം ചെയ്യണമെന്ന് എലേനര്‍ ഹെന്‍റിയോട്‌ ഒരിക്കല്‍ കുന്നിന്‍മുകളില്‍ വെച്ച് പറഞ്ഞുവത്രേ. 1894 ഡിംസബര്‍ 23 വിവാഹത്തിന് ശേഷമെത്തിയ ആദ്യ ക്രിസ്മസ് രാവിന് കാത്ത് നില്‍ക്കാതെ 24-ാം വയസില്‍ എലേനര്‍ കോളറ ബാധിച്ച് മരിച്ചു.

എലേനര്‍ ഭര്‍ത്താവുമായി സംസാരിച്ചിരുന്ന ആ കുന്നിന്‍പുറം ഇന്ന് 1065 കല്ലറകള്‍ അടങ്ങിയ വലിയ സെമിത്തേരിയാണ്. ഇതില്‍ 37 എണ്ണം വിദേശികളുടേതാണ്. അതിനിടെ ആരാധനയ്ക്കായി ഇവിടെ ദേവാലയം വേണമെന്ന ആവശ്യം ഉയര്‍ന്നു. റവ. ഇ.നോയല്‍ ഹോഡ്ജസ് ബിഷപ് 1898ല്‍ ആദ്യമായി മൂന്നാറിലെത്തി.

1900 ഏപ്രില്‍ 15ലെ ഈസ്റ്റര്‍ ദിനത്തില്‍ കുന്നിന്‍മുകളിലെ പ്രദേശം സെമിത്തേരിയായി ആശീര്‍വദിക്കപ്പെട്ടു. ഒരു മരണ രജിസ്റ്ററും തുറന്നു. എലേനറുടേതായിരുന്നു ആ രജിസ്റ്ററിലെ ആദ്യ പേര്. ദേവാലയം പണിയുന്നതിനു മുന്‍പ് സെമിത്തേരി ആശീര്‍വദിക്കപ്പെട്ടയിടം എന്ന പേരും പില്‍ക്കാലത്ത്‌ നിര്‍മിക്കപ്പെട്ട മൂന്നാര്‍ സിഎസ്‌ഐ ക്രൈസ്റ്റ് ദേവാലയത്തിനു ലഭിച്ചു. എലേനറുടെ മരണ ശേഷം ഹെന്‍റി കുറെനാള്‍ കൂടി മൂന്നാറില്‍ തുടര്‍ന്നു. എലേനറോടുള്ള പ്രണയം മനസില്‍ കാത്തുസൂക്ഷിച്ച ഹെന്‍റി ദിവസവും എലേനറുടെ കല്ലറയ്‌ക്കരില്‍ ഏറെനേരം ചെലവഴിച്ചിരുന്നു. പിന്നീടു ജന്‍മ നാട്ടിലേക്കു മടങ്ങിയ ഹെന്‍റി അവിടെ വച്ചാണ് മരിച്ചത്. മൂന്നാറിലെ ക്രിസ്മസ് രാവുകളില്‍ സിഎസ്ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിക്ക് പറയാനുള്ളത് അവരുടെ പ്രണയ കഥകളും ഓർമകളുമാണ്.

Last Updated : Dec 25, 2020, 10:47 PM IST

ABOUT THE AUTHOR

...view details