ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായതോടെ തുറന്നിരുന്ന 8 ഷട്ടറുകളും താഴ്ത്തി. നിലവിൽ 138.50 അടിയാണ് ജലനിരപ്പ്. അതേ സമയം ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് ആനയിറങ്കൽ അണക്കെട്ട് കവിഞ്ഞൊഴുകി.
ALSO READ:ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കും, സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആർ ബിന്ദു
പന്നിയാറിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ പൊൻമുടി അണക്കെട്ടും തുറന്നിരിക്കുകയാണ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ തുറന്നിരുന്ന ഷട്ടറുകൾ തമിഴ്‌നാട് താഴ്ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പിൽ നേരിയ കുറവുണ്ടാകുകയും ചെയ്‌ത സാഹചര്യത്തിലാണ് ഷട്ടറുകൾ താഴ്ത്തിയത്.
നിലവിൽ മൂന്നാമത്തെ ഷട്ടർ 20 സെ. മി. മാത്രമാണ് ഉയർത്തിയിരിക്കുന്നത്. 139 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന റൂൾ കർവ് നിലനിൽക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് തമിഴ്‌നാട് ഷട്ടറുകൾ താഴ്ത്തിയത്.