ഇടുക്കി: മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും (Mullaperiyar dam shutter will open tomorrow ). രാവിലെ 10 മണി മുതൽ സ്‌പിൽ വേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി 10000 ക്യുസെക്‌സ് വെള്ളം പെരിയാറിലേയ്‌ക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. ജലാശയത്തിലേയ്ക്കുള്ള നീരൊഴുക്ക് വൻ തോതിൽ വർധിച്ചതിനെ തുടർന്നാണ് സ്‌പിൽ വേ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്.
മുല്ലപെരിയാറിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലും പെരിയാർ വന മേഖലയിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കുറുകളിൽ ലഭിച്ചത്. നിലവിൽ 137.5 അടിയാണ് ജലനിരപ്പ്. 12000 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേയ്‌ക്ക് ഒഴുകി എത്തുന്നുണ്ട്.
ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം: തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാൽ, കൂടുതൽ വെള്ളം കൊണ്ടു പോകാൻ സാധിക്കില്ല. ഇതിനാൽ രാവിലെ 10 മുതൽ ഘട്ടം ഘട്ടമായി സ്‌പിൽ വേ ഉയർത്തി വെള്ളം പെരിയറിലേയ്‌ക്ക് ഒഴുക്കും. തീര പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.