ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് തമിഴ്‌നാട്. ഒരു വര്‍ഷത്തിന് ശേഷം ഡാം സന്ദര്‍ശനത്തിനെത്തിയ മേല്‍നോട്ട സമിതിയോടാണ് തമിഴ്‌നാട് വീണ്ടും ആവശ്യമുന്നയിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ വനംവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടതെന്ന് കേരളത്തിന്‍റെ പ്രതിനിധികള്‍ സമിതിയെ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് തമിഴ്‌നാട് - mullaperiyar tamilnadu
ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങൾ മുറിക്കേണ്ട പ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ടതിനാല്‍ വനംവകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം മേല്‍നോട്ട സമിതിയെ അറിയിച്ചു.
ഇതിനിടെ അണക്കെട്ടിന്‍റെ റൂൾ കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നല്‍കിയ റൂള്‍ കര്‍വില്‍ ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
അണക്കെട്ടിലെത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്‍റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പില്‍വേയിലെ മൂന്നും നാലും ഷട്ടറുകള്‍ ഉയര്‍ത്തി നോക്കി. പരിശോധനകള്‍ക്ക് ശേഷം കുമളി ബാംബു ഗ്രൂവിലാണ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. കേരള പ്രതിനിധി ടികെ ജോസ്, തമിഴ്‌നാട് പ്രതിനിധി മണിവാസകം എന്നിവർ പങ്കെടുത്തു.