ഇടുക്കി:മുല്ലപ്പെരിയാറിൽ റൂൾ കർവ് ലംഘിക്കുന്നത് തമിഴ്‌നാടിന്‍റെ അടവുനയമെന്ന് ആരോപണം. ഡാമിന് ഏത് പ്രത്യാഘാതത്തെയും അതിജീവിക്കാനാവുമെന്ന് സുപ്രീംകോടതിയിൽ അടക്കം വാദിക്കാൻ തമിഴ്‌നാട് നടത്തുന്ന നീക്കമാണ് ഇതിന് കാരണമെന്നുമാണ് ജില്ലയിലെ ജനങ്ങള്‍ക്കിടെയില്‍ നിന്നും ഉയരുന്ന പ്രധാന ആക്ഷേപം. റൂൾ കർവ് ലംഘനം ഉണ്ടായ സാഹചര്യത്തിൽ കൂടുതൽ ജലം ഒഴുക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഡാമുകളിൽ നിന്നും കൂടുതൽ ജലം ഒഴുക്കുന്നതോടെ വള്ളക്കടവ് മുതൽ ആലുവ വരെയുള്ള തീരദേശങ്ങൾക്ക് വെല്ലുവിളിയായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്താണ് റൂള്‍ കര്‍വ്?:തുടര്‍ച്ചയായി കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ പ്രളയം തടയാന്‍ മുന്‍വര്‍ഷങ്ങളിലെ നീരൊഴുക്കിന്‍റെ കണക്കടക്കം ഉപയോഗിച്ച് ഡാം തുറക്കാന്‍ സമയബന്ധിതമായ ഒരു പരിധി നിശ്ചയിക്കാറുണ്ട്. ഇതിനെയാണ് റൂൾ കര്‍വ് എന്ന് പറയുന്നത്.
മേൽനോട്ട സമിതിക്കെതിരെ പ്രതിഷേധം:മുല്ലപ്പെരിയാറിൽ റൂൾ കർവ് പ്രകാരം നിലവിലെ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ 137.50 അടി മാത്രമാണ് ഡാമിൽ ജലം സംഭരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് പുറത്തേക്ക് ജലം ഒഴുകാൻ തുടങ്ങിയപ്പോൾ മുതൽ റൂൾകർവ് പ്രകാരം ജലം നിലനിർത്താൻ തമിഴ്‌നാട് ശ്രമിച്ചിട്ടില്ല. ഇപ്പോൾ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്ന അധികജലം മൂലം ഇടുക്കി ഡാമില്‍ നിന്നും കൂടുതൽ ജലം ഒഴുക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചു. റൂൾ കർവ് നിലനിർത്താൻ ഇനിയും ഇരു ഡാമുകളിലും ഷട്ടറുകൾ കൂടുതലായി ഉയർത്തേണ്ടി വരും.
മുൻകാലങ്ങളിലെ പ്രളയ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് ഡാമുകളിൽ റൂൾ കർവ് ഏർപ്പെടുത്തിയത്. അതേസമയം മേൽനോട്ട സമിതി സാഹചര്യം മനസിലാക്കി പ്രവർത്തിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇടുക്കി തമിഴ്‌നാട് പ്രതിനിധികൾ അടങ്ങുന്ന ഡാം മേൽനോട്ട സമിതി മുല്ലപ്പെരിയാർ ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമായപ്പോൾ ഡാമിലേക്കുള്ള ജലത്തിന്‍റെ ഒഴുക്കിനനുസരിച്ച് ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കി വിടാൻ ശ്രമിച്ചിട്ടില്ലെന്നും വസ്‌തുതയാണ്.
ഡാമിൽ വെള്ളത്തിന്‍റെ അളവ് കൂടിയെങ്കിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി റൂൾ കർവ് പരിധിയിൽ വെള്ളം നിലനിർത്താൻ മുൻപ് ശ്രമിക്കാത്തതാണ് 139.20 അടി പിന്നിടാന്‍ കാരണം. ഷട്ടറുകൾ കൂടുതൽ ഉയർത്തിയപ്പോൾ പെരിയാർ നിവാസികൾക്ക് ജാഗ്രതകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. റൂൾ കർവ് ലംഘനം നടന്നിരിക്കുന്നതിനാൽ തമിഴ്‌നാട് ഇനിയും കൂടുതൽ ജലം തുറന്നുവിട്ടേക്കും. 10 ഷട്ടറുകൾ 90 സെന്‍റിമീറ്റർ വീതം ഉയർത്തി 6,042 ഘനയടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേക്ക് ഒഴുകുന്നത്.
ഇടുക്കിയില്‍ നിന്നും അധികജലം ഒഴുക്കണം:അയ്യായിരം ഘനയടിക്ക് മുകളിൽ ജലം ഒഴുക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതിനുള്ള സാധ്യത കൂടുതലാണ്. മഞ്ചുമല ആറ്റോരം വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിൽ അമിതമായി ജലം ഉയരാനുള്ള സാധ്യതയുമുണ്ട്. മുന്നൊരുക്കങ്ങളും ജാഗ്രത നിർദേശങ്ങളും പെരിയാർ നിവാസികൾക്ക് ജില്ല ഭരണകൂടം നൽകുന്നുണ്ടെങ്കിലും തമിഴ്‌നാടിന്‍റെ ഈ നടപടി പ്രതിഷേധത്തിന് ഇടയാക്കുകയാണ്. തമിഴ്‌നാടിന്‍റെ ഭാഗത്തുനിന്ന് റൂൾ കർവ് ലംഘനം ഉണ്ടായിരിക്കുകയും ഈ പരിധിയിലേക്ക് ജലം താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നത് മൂലം ഇടുക്കി ഡാമിലേക്ക് കൂടുതൽ ജലം ഒഴുകി എത്തുകയാണ്.
ഇടുക്കി ഡാമിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും ഇവിടെ റൂൾ കർവ് നിലനിർത്തുകയും ചെയ്യാൻ അധിക ജലം ഇടുക്കിയിൽ നിന്നും ഒഴുക്കണം. ഇതാണ് പെരിയാർ മുതൽ ആലുവ വരെയുള്ള ജനങ്ങൾക്ക് വെല്ലുവിളിയായിത്തീരുക. സെക്കൻഡിൽ ഒന്നരലക്ഷം ലിറ്റർ ജലം ഒഴുകിയപ്പോൾ തന്നെ തടിയൻപാട് ചപ്പാത്തിൽ വെള്ളം കയറുകയുണ്ടായി. മുല്ലപ്പെരിയാർ ഡാമിൽ പരമാവധി സംഭരണശേഷി സുപ്രീംകോടതി നിശ്ചയിച്ചിരിക്കുന്ന 142 അടിയാണ്. ഈ സാഹചര്യത്തിലാണ്, മുല്ലപ്പെരിയാറിൽ റൂൾ കർവ് ലംഘിക്കുന്നത് തമിഴ്‌നാടിന്‍റെ തന്ത്രമാണെന്ന തരത്തില്‍ ജില്ലയില്‍ ആരോപണം ശക്തിപ്പെട്ടത്.
ഡാമിന് ഏത് പ്രത്യാഘാതത്തേയും അധിജീവിക്കാനാവുമെന്ന് സുപ്രീംകോടതിയിൽ അടക്കം വാദിക്കാനാണ് തമിഴ്‌നാട് റൂൾ കര്‍വ് ലംഘനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടായെന്ന് ജില്ല ഭരണകൂടം പറയുകയും തൊട്ടടുത്ത നിമിഷം കൂടുതൽ ജലം തമിഴ്‌നാട് ഒഴുക്കുമെന്ന സന്ദേശം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് തീരദേശവാസികള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാട് ആദ്യഘട്ടത്തിൽ കുറഞ്ഞ അളവിൽ ഷട്ടറുകൾ തുറന്നെങ്കിലും റൂൾ കർവ് നിലനിർത്താൻ ശ്രമിച്ചില്ല. റൂൾ കർവ് നിലനിർത്താൻ മേൽനോട്ട സമിതിയോടും തമിഴ്‌നാടിനോടും കേരള സർക്കാർ ആവശ്യപ്പെടാത്തതും ഈ അവസ്ഥക്ക് കാരണമായെന്നും ആക്ഷേപമുണ്ട്.