ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. ഡാമില്‍ നിന്നും 1299 ഘനയടി ജലം അധികമായി സ്‌പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി തുടങ്ങിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഡാമിന്‍റെ ആറ് ഷട്ടറുകളിലൂടെ നിലവില്‍ 2,974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
1, 5, 6 ഷട്ടറുകളാണ് ശനിയാഴ്‌ച വൈകുനേരം നാല് മണിയോടെ തുറന്നത്. ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ (2, 3, 4) തുറന്നിരുന്നു.
എന്നാല്‍ ഡാമിലെ ജലനിരപ്പ് 138.90 അടിയായി തുടര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. വെള്ളിയാഴ്‌ച ഡാമിന്‍റെ ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയിരുന്നത്.
ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തില്‍ രാവിലെ പതിനൊന്നരയോടെ മൂന്ന് ഷട്ടറുകളും 70 സെന്‍റിമീറ്റര്‍ വീതം വീണ്ടും ഉയര്‍ത്തി. ഇതോടെ വെള്ളം ഒഴുകുന്നത് 825 ഘനയടിയില്‍ നിന്നും 1,675 ഘനയടിയായി ഉയര്‍ന്നു.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. അതിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്‍റെ വീഴ്‌ചയായി കാണണം.