ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാര്‍ച്ച് 31-ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഹര്‍ജികളില്‍ വ്യാഴാഴ്‌ച വാദം കേള്‍ക്കണമെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജസ്‌റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളവും തമിഴ്‌നാടും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത കോടതിയെ അറിയിച്ചു. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മാർച്ച് 24 ന് രണ്ട് സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തുമെന്നും കോടതി പറഞ്ഞു.
കേരളം ഉന്നയിച്ച പുതിയ ഡാം എന്ന ആവശ്യം സംബന്ധിച്ചും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിഷയം മേല്‍ നോട്ടസമിതിക്ക് ചര്‍ച്ച ചെയ്‌ത് പരിഹരിക്കാന്‍ ശുപാര്‍ശ നല്‍കാമെന്നാണ് വ്യക്തമാക്കിയത്. നിലവിലുള്ള അണക്കെട്ടിന്റെ താഴത്തെ ഭാഗങ്ങളിൽ പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ജലനിരപ്പ് 142 അടിയില്‍ നിന്ന് 140 അടിയായി ക്രമീകരിക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കഴിഞ്ഞയാഴ്‌ച ബഞ്ചിനെ അറിയിച്ചിരുന്നു.