ഇടുക്കി/തിരുവനന്തപുരം:മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നതിൽ ജനങ്ങൾ ആശങ്കരാകേണ്ട സാഹചര്യമില്ലെന്നും പെരിയാർ തീരദേശവാസികളുടെ അടക്കം എല്ലാവരുടെയും സുരക്ഷാക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജലനിരപ്പ് ഉയർന്നാൽ തീരവാസികളെ മാറ്റി പാർപ്പിക്കും. ഇതിനായി ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷ സേനയെ അടക്കം സജ്ജമാക്കി. മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കി ഡാമിലേക്ക് ജലം ഒഴുകി വരുന്ന സ്ഥലങ്ങൾ സർക്കാർ നിരീക്ഷണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇടുക്കിയിൽ എത്തി ഇന്ന് തന്നെ ഡാം തുറക്കുന്നതിന് മുമ്പ് വിശദമായ യോഗങ്ങൾ നടത്തും. സർക്കാർ നൽകിയ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ 137 അടി ജലനിരപ്പ് എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്. തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച 138 അടി ജലനിരപ്പിലെ റൂൾ ഓഫ് കർവ് കേരളത്തിന് സ്വീകാര്യമല്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.