കേരളം

kerala

ETV Bharat / state

കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം; മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ് - Mullaperiyar Dam 125 years old today

ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു.

കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം  മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ്  125 വർഷം പിന്നിട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട്  മുല്ലപ്പെരിയാറിന്‍റെ ചരിത്രം  history of mullaperiyar  Mullaperiyar Dam 125 years old today  mullaperiyar dam history
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ്

By

Published : Oct 10, 2020, 1:02 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്നേക്ക് 125 വയസ്. 1895 ഒക്ടോബര്‍ 10നാണ് മദ്രാസ് ഗവര്‍ണര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്‌തത്. 50 വര്‍ഷ കാലാവധിയില്‍ നിര്‍മിച്ച അണക്കെട്ട് 125 വര്‍ഷങ്ങളാണ് ഇന്നേക്ക് പിന്നിടുന്നത്. ജലത്തിന് വേണ്ടിയുള്ള കേരളവും തമിഴ്‌നാടുമായുള്ള കരാർ അനുസരിച്ച് 874 വര്‍ഷമാണ് ഇനിയും ബാക്കിനിൽക്കുന്നത്. വിവാദം നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റുകയാണ്. ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

1882ൽ ക്യാപ്റ്റൻ പെന്നിക്വിക്കും ആൻസ്മിത്തും ചേർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രൂപരേഖ തയാറാക്കുകയും 1884ൽ തിരുവിതാംകൂറുമായി ചർച്ച ആരംഭിക്കുകയും ചെയ്‌തു. തുടർന്ന് 1886ൽ കരാറായി. പെരിയാർ നദിക്കു കുറുകെ അണക്കെട്ട് നിർമിക്കാൻ മദിരാശി സർക്കാറിനെ അനുവദിക്കുന്നതായിരുന്നു കരാർ. കരാർ കാലാവധി 999 വർഷം. മദിരാശി സർക്കാറിന് ഭൂമിയിൽ കൈവശാവകാശം ഉണ്ടാകില്ലെന്നും കരാറിൽ പറയുന്നുണ്ട്. തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമയുടെ പ്രത്യേക നിർദേശത്തിലാണ് നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 8,000 ഏക്കർ സ്ഥലവും നിർമാണത്തിനായി 100 ഏക്കർ സ്ഥലവും പാട്ടം നൽകിയത്. പാട്ടത്തുകയായി ഏക്കറിന് അഞ്ച് രൂപ വർഷം തോറും തിരുവിതാംകൂറിന് നൽകണമായിരുന്നു. 1887ൽ അണക്കെട്ടിന്‍റെ നിർമാണം ആരംഭിച്ചു. 1200 അടിനീളത്തിലും അടിത്തറ 115.75 അടി വീതിയിലും ആരംഭിച്ച് മുകളിൽ എട്ടടിയിൽ തീരുന്നതായിരുന്നു രൂപരേഖ. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്ത് തയാറാക്കിയ സുർക്കിചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. 1895ൽ അണക്കെട്ട് യാഥാർഥ്യമായി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് 14 കിലോമീറ്റർ അകലെ തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നത്. തേനി, മധുര, ദിണ്ഡിക്കൽ, രാം നാട്, ശിവ ഗംഗ ജില്ലകളിൽ കൃഷിക്കും കുടിവെള്ളത്തിനും വൈദ്യുതോൽപാദനത്തിനും മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്നു. ആരംഭത്തിൽ വലിയ കുളങ്ങൾ നിർമിച്ചാണ് വെള്ളം ശേഖരിച്ചിരുന്നത്. 1959ൽ വൈഗ നദിക്ക് കുറുകെ അണക്കെട്ട് നിർമിച്ച് വെള്ളം സംഭരിച്ചു നിർത്താൻ തുടങ്ങി. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇപ്പോൾ ഇവിടെ സംഭരിച്ച ശേഷമാണ് ഓരോ ജില്ലകളിലേക്കും തുറന്നുവിടുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടകരമായ വിധത്തിൽ ചോർച്ച ദൃശ്യമായതോടെ 1979ലാണ് വിവാദങ്ങൾ തുടങ്ങുന്നത്. അന്ന് പീരുമേട് എംഎൽഎ ആയിരുന്ന സി എ കുര്യൻ അണക്കെട്ട് പുതുക്കിപ്പണിയണം എന്നാവശ്യപ്പെട്ട് വണ്ടിപ്പെരിയാറ്റിൽ നിരാഹാര സമരം ആരംഭിച്ചു. ഇതേ തുടർന്ന് 1979 നവംബർ 25ന് കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ അണക്കെട്ടിൽ പരിശോധന നടത്തി. ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കാനും അണക്കെട്ട് ബലപ്പെടുത്താൻ ഹൃസ്വകാല, ദീർഘകാല നടപടികളും നിർദേശിച്ചു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബലപ്പെടുത്തൽ ജോലികൾക്കൊപ്പം സ്പിൽവേയിലെ ഷട്ടറുകളുടെ എണ്ണം 10ൽ നിന്ന് 13 ആക്കി ഉയർത്തിയത്. ബലപ്പെടുത്തൽ ജോലികൾ പൂർത്തീകരിച്ചതോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 152ലേക്ക് ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് രംഗത്തെത്തി.

കേരളം ഇതിനെ എതിർത്തതോടെ തർക്കം കോടതിയുടെ മുന്നിലെത്തി. ആദ്യം ഇരു സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിലായിരുന്നു കേസ്. തുടർന്ന് ഈ കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെയാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെടുന്നത്. അണക്കെട്ടിലെ സുരക്ഷാ ചുമതലയിൽ നിന്ന് കേരളാ പൊലീസിനെ ഒഴിവാക്കി കേന്ദ്ര സേനയെ നിയോഗിക്കണം എന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട് ഹർജിയിൽ ഇനിയും തീരുമാനമായിട്ടില്ല. കേരളത്തിന്‍റെ സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന മുദ്രാവാക്യം ഇന്നും ഇവിടെ ശക്തമായി ഉയരുകയാണ്.

ABOUT THE AUTHOR

...view details