ഇടുക്കി/കോട്ടയം:ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന മോര്‍ട്ടോര്‍ വാഹന പണിമുടക്ക് ഇടുക്കി, കോട്ടയം ജില്ലകളില്‍ പൂര്‍ണം. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്ക്.
മോട്ടോര്‍ വാഹന പണിമുടക്ക്; കോട്ടയം, ഇടുക്കി ജില്ലകളില്‍ പണിമുടക്ക് പൂര്‍ണം
കോട്ടയത്ത് തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഇടുക്കിയില്‍ ഹര്‍ത്താലിന് സമാനമായിരുന്നു പണിമുടക്ക്
കോട്ടയത്ത് പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി. തിരുനക്കരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ടൗണിലെ ടാക്‌സി സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ധന വില നിര്‍ണയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വാസവന്‍ പറഞ്ഞു.
ഇടുക്കിയില്‍ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. മലയോര മേഖലയിലേക്ക് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോ-ടാക്‌സി വാഹനങ്ങളടക്കം ഇല്ലാത്തതിനാല്‍ ചുരുക്കം ചില വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്. തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളി വാഹനങ്ങളും ജില്ലയിലേക്ക് എത്താതിരുന്നതിനാല്‍ തോട്ടം മേഖലയെയും മോട്ടോര്‍ വാഹന പണിമുടക്ക് ബാധിച്ചു. ഹര്‍ത്താലിന് സമാനമായിരുന്നു ഇടുക്കിയിലെ വാഹന പണിമുടക്ക്.