ഇടുക്കി:വണ്ടിപെരിയാർ, വാളയാർ കേസുകളിലെ പ്രതികൾ രക്ഷപെട്ടതിന് പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാവ് (Mother of Walayar Girls at Vandiperiyar). രണ്ട് കേസുകളിലും പ്രതികൾ രക്ഷപെട്ടത് സിപിഎം കാരായതിനാലാണെന്നും അവർ പറഞ്ഞു. വണ്ടിപ്പെരിയാറിലെത്തി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു വാളയാർ പെൺകുട്ടിയുടെ അമ്മ.
പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം വാളയാർ സമരസമിതി പ്രവർത്തകരും അഭിഭാഷകരും വണ്ടിപ്പെരിയാറിലെത്തിയിരുന്നു. കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ടാൽ എല്ലാവിധ സഹായവും ചെയ്‌തു നൽകുമെന്ന് വാളയാർ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
അതേസമയം കേസ് അട്ടിമറിച്ചെന്നാരോപിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യുവമോർച്ചക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കേരള മഹിളാ സംഘവും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയെന്ന് മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ കുറ്റപ്പെടുത്തി.
Also Read:വായ്‌മൂടി കെട്ടി നാട്ടുകാരും ബന്ധുക്കളും, വണ്ടിപ്പെരിയാര്‍ വിധിയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം
പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്‌ച ആരോപിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാർട്ടികൾക്ക് ഒപ്പം സിപിഐയും വർഗ്ഗ ബഹുജന സംഘടനകളും സമര രംഗത്തെത്തത്തിയത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയേക്കും.