ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അമ്മയും കുഞ്ഞും ആശുപത്രിയുടെ തുടര്‍ ജോലികള്‍ പ്രതിസന്ധിയില്‍. അടിമാലി മച്ചിപ്ലാവില്‍ അമ്മയും കുഞ്ഞും ആശുപത്രി നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആശുപത്രി നിര്‍മിക്കാനുള്ള ഭൂമി പഞ്ചായത്ത് വിട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതാണ് പ്രതിസന്ധിക്കുള്ള യഥാര്‍ഥ കാരണം. മാസങ്ങള്‍ക്ക് മുമ്പ് താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അമ്മയും കുഞ്ഞും ആശുപത്രിയുടെ ശിലയിടല്‍ നടക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ആശുപത്രി സംബന്ധിച്ച അഭ്യൂഹങ്ങൾ ഒഴിവാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അടിമാലിയിലെ അമ്മയും കുഞ്ഞും ആശുപത്രി നിര്‍മാണം പ്രതിസന്ധിയില്‍ - Adimaly latest news
അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്‍ ആശുപത്രി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്‍കിയിട്ടും നിര്‍മാണ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്
ചിത്തിരപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനോട് ചേര്‍ന്ന് അമ്മയും കുഞ്ഞും ആശുപത്രി നിര്‍മിക്കാനായിരുന്നു ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ തീരുമാനമുണ്ടായത്. എന്നാല്‍ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി ഇതിനോട് വേണ്ടവിധം താല്‍പര്യം കാണിക്കാതെ വന്നതോടെ പദ്ധതി പ്രതിസന്ധിയിലായി. പിന്നീടാണ് അടിമാലി ഗ്രാമപഞ്ചായത്ത് മച്ചിപ്ലാവില്‍ ആശുപത്രി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്‍കിയത്. സ്ഥലം ലഭിച്ചിട്ടും നിര്‍മാണ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ ജനിക്കുന്നത് അടിമാലി താലൂക്കാശുപത്രിയിലാണ്. ശിശുപരിപാലനത്തിന് ഇവിടെ മതിയായ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് അടിമാലിയില്‍ തന്നെ അമ്മയും കുഞ്ഞും ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ധാരണയായത്.