ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉയരുന്നു. അമിത വേഗത മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടത് 20ലധികം പേർക്കാണ്.
അപകട മരണങ്ങളും, ഗുരുതര പരുക്കുകളും തുടർക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൊവിഡിനു മുൻപ് 600 വാഹനങ്ങളാണ് തമിഴ്‌നാട്ടിൽ നിന്നും ഏലത്തോട്ടങ്ങളിലേക്ക് തോട്ടം തൊഴിലാളികളുമായി എത്തിയിരുന്നത്. ഇപ്പോൾ മൂന്നൂറ് വാഹനങ്ങൾ ജില്ലയിലേക്ക് എത്തിയതായാണ് കണക്ക്.
കഴിഞ്ഞ ദിവസം കമ്പംമെട്ടിൽ നടന്ന അപകടത്തിൽ തമിഴ്‌നാട് കോമ്പൈ സ്വദേശി നദിയഴകനാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾക്കു സാരമായി പരുക്കേറ്റു. തൊഴിലാളികളാണ് നദിയഴകനെ പുറത്തെടുത്ത് മറ്റൊരു വാഹനത്തിൽ കയറ്റി കമ്പത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ നദിയഴകൻ മരിച്ചിരുന്നു.
പത്ത് വര്‍ഷത്തിനിടെ അപകടത്തില്‍ മരിച്ചത് 20ലധികം തോട്ടം തൊഴിലാളികള്‍ അതിർത്തി ചെക്ക് പോസ്റ്റ് തുറന്നതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളുമായി വാഹനങ്ങൾ ചീറിപായുന്നത് മൂലം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. തുടര്‍ന്ന് അതിർത്തിയിൽ കമ്പംമെട്ട് പൊലീസിന്‍റെ പരിശോധന ആരംഭിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ പരിശോധനകൾ ആരംഭിക്കുന്നതോടെ തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുടെ വരവ് നിലക്കുകയും തോട്ടം മേഖല സ്‌തംഭിക്കുകയും ചെയ്യും. അധികൃതരുടെ ഇടപെടലുണ്ടെങ്കില്‍ മാത്രമെ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂ.