ഇടുക്കി: ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാധ്യമായ ഇടങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ കഴിയുന്നതും വേഗം സ്ഥാപിക്കാൻ തീരുമാനം. കലക്ടര്‍ എച്ച്. ദിനേശന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് പ്ലാന്‍റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും, പീരുമേട് താലൂക്ക് ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്‍റുകള്‍ ആരംഭിക്കും.
ഇടുക്കിയിൽ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ തീരുമാനം - oxygen plants in idukki
കലക്ടര്‍ എച്ച്. ദിനേശന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് പ്ലാന്‍റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജിൽ രണ്ടാമത്തെ ഓക്‌സിജൻ പ്ലാന്‍റ് ഉടൻ സ്ഥാപിക്കും. ഇതിനായി ടെണ്ടര്‍ സ്വീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഒരാഴ്‌ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സമിതിയുടെ തീരുമാനം. ഇപ്പോള്‍ എറണാകുളത്ത് നിന്ന് എത്തിക്കുന്ന ഓക്‌സിജനെ ആശ്രയിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവർത്തനം. ജില്ലയിലെ ഓക്‌സിജൻ ഉപയോഗം മുമ്പത്തേക്കാള്‍ പത്തിരട്ടിയായാണ് വര്‍ധിച്ചത്. വേണ്ടത്ര വേഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം സാധ്യമാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എറണാകുളത്ത് കൊവിഡ് വാര്‍ റൂമില്‍ ഇടുക്കി ജില്ലയുടെ കാര്യം നോക്കുന്നതിനായി ഒരു ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.