മൂലമറ്റം വൈദ്യുതി നിലയം; അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ രണ്ട് മാസത്തിലധികം
വൈദ്യുതി നിലയത്തിൽ ഒന്നാം നമ്പർ ജനറേറ്ററിന് ചൈനീസ് നിർമിത സ്പെറിക്കൽ വാൽവ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ്. പൊട്ടിത്തെറിയെത്തുടർന്ന് 2, 6 ജനറേറ്ററുകളാണ് പ്രവർത്തനം നിർത്തിയത്. കഴിഞ്ഞ ദിവസമാണ് മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. തകരാറിലായ രണ്ട് ജനറേറ്ററുകളുടെ കത്തിപ്പോയ ഭാഗങ്ങൾ നീക്കിത്തുടങ്ങി. ഇതിന് ഒരു മാസം കാലതാമസം വരും. പുതിയവ മാറ്റി സ്ഥാപിക്കാൻ ഒന്നര മാസമാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നത്. വൈദ്യുതി നിലയം പൂർവസ്ഥിതിയിലാക്കാൻ 75 ദിവസം താമസം വരും. നിലയത്തിൽ ഒന്നാം നമ്പർ ജനറേറ്ററിന് ചൈനീസ് നിർമിത സ്പെറിക്കൽ വാൽവ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 600 മീറ്റർ അസസ് ടണൽ കടന്നാണ് പൊട്ടിത്തെറിയുണ്ടായ ഭാഗത്ത് എത്തേണ്ടത്. നിലയത്തിനുള്ളിൽ അപകടമുണ്ടായാൽ പുറംലോകം അറിയാൻ ഏറെ നേരം എടുക്കും. അതുകൊണ്ട് തന്നെ ഭീതിയോടെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്.