ഇടുക്കി:മൂലമറ്റം വൈദ്യുതി നിലയത്തിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ എക്സിറ്ററിന് സമീപം പൊട്ടിത്തെറി. 12 മണിയോടെയായിരുന്നു അപകടം. രണ്ട് പാനലുകൾ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക വിവരം. ആറാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഭൂഗർഭ നിലയമായതിനാൽ പുക നിറഞ്ഞു. നിലയത്തിന്‍റെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലയത്തിനുള്ളിൽ മൂലമറ്റം അഗ്നിശമന സേനയെത്തി രക്ഷാ പ്രവർത്തനം നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. 20ന് രണ്ടാം നമ്പർ ജനറേറ്ററിന്‍റെ എക്‌സൈറ്ററിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു. പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും പൊട്ടിത്തെറി - exploded again
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല

നിലയത്തില്‍ മൂന്ന്, നാല്, അഞ്ച് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. രണ്ട്, ആറ് ജനറേറ്ററുകളില്‍ പൊട്ടിത്തെറി ഉണ്ടായതിനാൽ നിർത്തിവെച്ചിരിക്കുകയാണ്. ഒന്നാം നമ്പർ ജനറേറ്ററിന്‍റെ സ്‌പെറിക്കൽവാൽവ് മാറുന്ന ജോലികൾ നടക്കുകയാണ്. ഇതോടെ നിലയത്തിൽ നിന്നും 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വേനൽ ശക്തമായതോടെ മൂലമറ്റം നിലയത്തിലെ ഉൽപാദനം ഉയർത്തിയിരുന്നു. ഇന്നലെ നിലയത്തിൽ 81.2 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. ജനുവരി മാസം പ്രതിദിനം ശരാശരി 54.05 ലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്തുനിന്നും ഉൽപാദിപ്പിച്ചിരുന്നു. ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം നിർത്തിവെച്ചിരിക്കുകയാണ്.