ഇടുക്കി: ശക്‌തമായ മഴയേയും കാറ്റിനേയും തുടർന്ന് നിലച്ച ടൂറിസം മേഖല വീണ്ടും ഉണർന്നു. ജില്ലയിൽ മഴയ്‌ക്ക് ശമനം വന്നതോടെയാണ് അടഞ്ഞു കിടന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നത്. പ്രതികൂല കാലാവസ്ഥയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെക്കുവാൻ ജില്ല കലക്‌ടർ ഉത്തരവിട്ടിരുന്നു. മാനം തെളിഞ്ഞ് അനുകൂല കാലാവസ്ഥ ലഭിച്ചതോടെയാണ് വീണ്ടും വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ജില്ല ഭരണകൂടം നൽകിയത്.
ഇതിന്‍റെ ഭാഗമായി ഡി.ടി.പി.സിയുടെ കീഴിൽ അടഞ്ഞു കിടന്നിരുന്ന ഹൈഡൽ ടൂറിസവും ബോട്ടിങും എല്ലാം പുനരാരംഭിച്ചു. ഡി.ടി.പിസിയുടെയും ഹൈഡൽ ടൂറിസം വകുപ്പുകളുടെയും കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പ്രതികൂല കാലാവസ്ഥയിൽ അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകിയത്.