ഇടുക്കി: ജില്ലയില്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ ആറ് വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. മറയൂരിൽ ശക്തമായ മഴയെ തുടർന്ന് പാമ്പാർ കരകവിഞ്ഞു.
കല്ലാർകൂട്ടി, പാമ്പ്ല, പൊന്മുടി അണക്കെട്ടുകളുടെ ഷട്ടർ തുറന്നിരിക്കുകയാണ്. ഇടുക്കിയിൽ ഒരാഴ്‌ചയായി ശക്തമായ മഴയും കാറ്റുമാണ് രേഖപ്പെടുത്തുന്നത്. വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മുന്നാറിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ലക്ഷ്‌മി എസ്റ്റേറ്റ് എസ് സി കോളനി നിവാസി പണ്ടാരമാണ് മരിച്ചത്. രാത്രിയിൽ ശൗചാലയത്തിൽ പോകാന്‍ ഇറങ്ങവെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.
മഴക്കെടുതിയില്‍ മരണം അഞ്ചായി: നാട്ടുകാരും ഫയർഫോഴ്‌സും എത്തി മണ്ണ് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസപ്പെട്ടു. കൂറ്റൻ പാറക്കെട്ടുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. അമ്പത് മീറ്റർ റോഡ് പൂർണമായി മൂടി കിടക്കുകയാണ്.