ഇടുക്കി: നെടുങ്കണ്ടത്തുകാരുടെ തലവേദനയായിരുന്ന വാനരൻ വനം വകുപ്പിൻ്റെ കെണിയില്‍ കുടുങ്ങി. ഭക്ഷണം മോഷ്‌ടിക്കുക മാത്രമല്ല, വീടുകളുടെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ വരുത്തുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്ന കുരങ്ങനെയാണ് പിടികൂടിയത്. പത്ത് മാസത്തോളമായി നെടുങ്കണ്ടം അമ്പലപ്പാറ സ്വദേശികള്‍ ഇതിന്‍റെ ശല്യം മൂലം ബുദ്ധിമുട്ടുകയായിരുന്നു.
അതിരാവിലെ തന്നെ ഡ്യൂട്ടി തുടങ്ങുന്ന കുട്ടി വാനരൻ മേഖലയിലെ മിക്ക വീടുകളിലും കയറും. കൃഷിക്ക് യാതൊരു നഷ്‌ടവും വരുത്തില്ല. വീടിനുള്ളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ എടുക്കും. കഴിച്ചശേഷം വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയാണ് പ്രധാന പണി. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൊട്ടിക്കുക, വീടിനുള്ളില്‍ കയറി വയറിങ് പറിച്ചെടുക്കുക , ഉണങ്ങാന്‍ ഇട്ടിരിക്കുന്ന വസ്‌ത്രങ്ങൾ കവരുക തുടങ്ങിയവയാണ് മറ്റ് ഹോബികള്‍.