ഇടുക്കി:നെടുങ്കണ്ടം കൈലാസപ്പാറ മലനിരകളിലെ കൃഷിയും ജീവിതവും പ്രതിസന്ധിയിലാക്കി കുരങ്ങുകളുടെ ആക്രമണം. അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങളും പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിലെ ഏറ്റവും പ്രധാന കൃഷിയായ ഏലമാണ് വ്യാപകമായി നശിപ്പിക്കുന്നത്. ആറ് മാസത്തിനിടെ ഏക്കറുകണക്കിന് കൃഷിയാണ് കുരങ്ങുകൾ നശിപ്പിച്ചത്.
ഇടുക്കിയില്‍ കുരങ്ങ് ശല്യം രൂക്ഷം; വ്യാപക കൃഷി നാശം - കൃഷിയും ജനജീവിതവും പ്രതിസന്ധിയിലാക്കി വാനരപ്പട
ആറ് മാസത്തിനിടെ ഏക്കറുകണക്കിന് കൃഷിയാണ് കുരങ്ങുകൾ നശിപ്പിച്ചത്. മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങളും പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ്
പ്രളയത്തിന് ശേഷം കൃഷി പച്ചപിടിച്ച് വരുമ്പോഴാണ് കുരങ്ങുകളുടെ ആക്രമണം വെല്ലുവിളി ഉയർത്തുന്നത്. ഏലത്തട്ടകൾ കടിച്ച് പൊട്ടിച്ച് ഉള്ളിലെ നാമ്പുകള്‍ ഉള്‍പ്പെടെ ശരവും കുരുന്ന് ഏലക്കായും പൂവും ഇവ ഭക്ഷിക്കും. എലത്തിന് പുറമെ വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ വീടുകളിലെ ഭക്ഷണവസ്‌തുക്കളും കുരങ്ങുകള്‍ എടുത്തുകൊണ്ട് പോകുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 15ഓളം സ്‌ത്രീകൾക്കാണ് കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. സ്‌ത്രീകളെയും കുട്ടികളെയുമാണ് കൂടുതലും ആക്രമിക്കുന്നത്. പുരുഷന്മാരില്ലെങ്കിൽ പുറത്തിറങ്ങാൻ പോലും വീട്ടമ്മമാർക്ക് ഭയമാണ്. കൃഷി-വനം വകുപ്പ് അധികൃതരോട് പല തവണ കർഷകർ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ജനജീവിതം സാധാരണ ഗതിയിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.