ഇടുക്കി: വാനരശല്യത്തിൽ പൊറുതിമുട്ടി രാജകുമാരി ജണ്ട നിരപ്പ്, മുള്ളൻ തണ്ട് മേഖലയിലെ കർഷകർ. നൂറോളം വരുന്ന വാനരക്കൂട്ടം കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. പ്രദേശത്തെ അഞ്ചോളം കർഷകരുടെ ഏക്കറുകണക്കിന് കൃഷിയാണ് കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന വാനരക്കൂട്ടം നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് പിന്നാലെയാണ് കുരങ്ങന്മാർ കൂട്ടത്തോടെ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത്. ഏക്കറു കണക്കിന് വരുന്ന കൃഷിയിടത്തിലെ വാഴയും കപ്പയും ഏലവും അടക്കമുള്ള കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചു. രാജകുമാരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട മേഖലയിലാണ് വാനര ശല്യം രൂക്ഷമായിരിക്കുന്നത്.
വാനരശല്യം രൂക്ഷം; വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതി
രാജകുമാരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട മേഖലയിലാണ് വാനര ശല്യം രൂക്ഷമായിരിക്കുന്നത്. നൂറിലധികം വരുന്ന വാനരന്മാർ കൂട്ടത്തോടെ ഇറങ്ങി കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചു.
പ്രദേശത്തെ കർഷകരായ കാരക്കുന്നേൽ മോളി, സലി പുന്നക്കാവിള, വാവകുഴിയിൽ മേരി, നന്ദനൻ കാരൻചേരിയിൽ, ടെൽസൺ മാണിത്തോട്ടം എന്നിവരുടെ കൃഷികൾ ആണ് വ്യാപകമായി നശിപ്പിച്ചത്. എട്ടു മാസത്തോളമായി ഇവിടെ വാനരശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്‌ചയായി ഇവയുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. കാർഷികമേഖലയിൽ തമ്പടിച്ചിരിക്കുന്ന വാനരക്കൂട്ടത്തെ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും തുരത്താന്‍ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഏക ആശ്രയമായ ഏലം കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. വാനര ശല്യത്തിന് പരിഹാരം കാണുന്നതിന് വനം വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.