ഇടുക്കി: ഇടുക്കി തടിയംപാടിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് വൻതുക തട്ടിയെടുത്ത ആൾ പിടിയിൽ. തങ്കമണി സ്വദേശി വെള്ളാരം പൊയ്‌കയിൽ വിശാഖ് പ്രസന്നയാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ വാഹന ഇൻഷുറൻസ് ഇടപാടുകൾ നടത്തിയിരുന്നത്. തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി പ്രതിയെ സമീപിച്ചിരുന്നു.
ഇൻഷുറൻസ് തുകയായി ഇയാൾ 39,000 രൂപ വാങ്ങി. തുടർന്ന് ഓട്ടോറിക്ഷയുടെ നമ്പറിൽ ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്‌ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കിയാണ് പോളിസി രേഖകൾ ഉടമയ്‌ക്ക് കൈമാറിയത്. ഈ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ തട്ടിപ്പിന് നിരവധിയാളുകൾ ഇരയായിട്ടുണ്ടാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിച്ചാൽ മാത്രമേ പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യം ചെയ്‌തിട്ടുണ്ടോ എന്ന് വെളിവാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. നിലവിൽ കട്ടപ്പന, തങ്കമണി, ഇടുക്കി എന്നീ സ്ഥലങ്ങളിൽ നിന്ന് പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.