ഇടുക്കി : സിപിഐ നേതാവ് ആനി രാജയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ആനി രാജയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ' എന്നായിരുന്നു എംഎം മണിയുടെ പരാമർശം.
ഡല്‍ഹിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയില്‍ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം അറിയില്ല. സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെകെ രമയ്ക്ക് എതിരെ കൂടുതൽ പറഞ്ഞേനെയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മണി വ്യക്തമാക്കി. മുഖ്യമന്ത്രിയെ രമ നിയമസഭയില്‍ കടന്നാക്രമിച്ച് സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷവും നാല് മാസവുമായി രമ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്‌ത് സംസാരിക്കുന്നു. നിയമസഭയിലെ ചര്‍ച്ചയ്‌ക്കിടെ അതേക്കുറിച്ച് പറയണമെന്ന് തോന്നി.
ആനി രാജയ്‌ക്കെതിരെയും അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി നിയമസഭയില്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യ പരിഗണനയാണ്. രമയ്‌ക്ക് പ്രത്യേക സംവരണം ഇല്ലാത്തതിനാലാണ് മറുപടി നല്‍കിയത്. രമ ഇത്രയും രൂക്ഷമായി പ്രതികരിച്ചിട്ടും സി.പി.എം ഇതുവരെ തിരിച്ചുപ്രതികരിച്ചിട്ടില്ല. താന്‍ അവരെ മഹതി എന്ന് വിളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവര്‍ വിധവയല്ലേ എന്ന് വിളിച്ചുചോദിച്ചു. വിധവയായത് വിധിയല്ലേ എന്ന് താന്‍ തിരിച്ചുചോദിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.