കേരളം

kerala

ETV Bharat / state

അരിക്കൊമ്പന് മയക്കുവെടി വെച്ചു; ദൗത്യം വിജയത്തിലേക്ക് - മിഷൻ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്

സിമന്‍റ് പാലം ഭാഗത്ത് വെച്ചാണ് ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം അരിക്കൊമ്പനെ മയക്കുവെടി വച്ചത്.

അരിക്കൊമ്പൻ  arikomban  അരിക്കൊമ്പനെ മയക്കുവെടി വെച്ചു  അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിൽ  Mission Arikomban  മിഷൻ അരിക്കൊമ്പൻ  ചക്ക കൊമ്പൻ
അരിക്കൊമ്പനെ മയക്കുവെടി വെച്ചു

By

Published : Apr 29, 2023, 12:52 PM IST

Updated : Apr 29, 2023, 4:09 PM IST

അരിക്കൊമ്പന് മയക്കുവെടി വെച്ചു

ഇടുക്കി:ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്.

സിമന്‍റ് പാലം ഭാഗത്ത് എത്തിയ അരിക്കൊമ്പന് തൊട്ടരികിലേക്ക് ദൗത്യസംഘം എത്തിച്ചേരുകയും ആദ്യ ഡോസ് മയക്കു വെടി വയ്‌ക്കുകയുമായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്ക് വെടി വച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്.

ഇന്ന് രാവിലെ 11.55 നാണ് മയക്കുവെടി വെച്ചത്. ആദ്യ ഒരുമണിക്കൂർ നിർണ്ണായകമാണ്. 45 മിനിറ്റ് വേണം പൂർണ്ണമായി മയങ്ങാൻ. ആവശ്യമെങ്കിൽ വീണ്ടും മയക്കുവെടി വെക്കുമെന്നാണ് വിവരം. കുങ്കിയാനകളും വഴി തെളിക്കാൻ ജെസിബി അടക്കമുള്ള വാഹനങ്ങളും അരിക്കൊമ്പനടുത്തേക്ക്‌ എത്തിച്ചു.

ഇന്നലെ (28.04.23) പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.

നിസാരക്കാരനല്ല അരിക്കൊമ്പൻ: 35 വയസാണ്‌ അരിക്കൊമ്പന്. ശത്രുക്കളെ കണ്ടും സ്ഥിതിഗതികൾ നിരീക്ഷിച്ചും മുങ്ങാനുമറിയാം. 2017ന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ കുതറിമാറുന്നത്‌. കഴിഞ്ഞ ദിവസം എല്ലാ സന്നാഹങ്ങളുമായി 160 അംഗ ദൗത്യസംഘം പല ഗ്രൂപ്പായി തിരിഞ്ഞ്‌ നീങ്ങിയെങ്കിലും എല്ലാവരേയും പറ്റിച്ച്‌ കാണാമറയത്ത്‌ നിലയുറപ്പിച്ചു.

ഇന്നലെ (28.04.23) രാവിലെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു.

ഇന്നലെ മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആദ്യ ദിവസത്തെ ദൗത്യം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Last Updated : Apr 29, 2023, 4:09 PM IST

ABOUT THE AUTHOR

...view details