ഇടുക്കി:ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്‌ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. കുങ്കിയാനകള്‍ വൈകിട്ടോടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും.
ടോപ് സ്‌റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്. നാളെ പുലർച്ചെതന്നെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കും. പിടികൂടിയ ശേഷം ഉൾവനത്തിൽ തുറന്നുവിടും.
തമ്പടിച്ച് വനം വകുപ്പ്: കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു.
ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല.
നാളെ അതിരാവിലെയാണ് ദൗത്യം തുടങ്ങുക. സംഘത്തിൽ മൂന്ന് കുങ്കിയാനകൾ , പാപ്പാന്മാർ, ഡോക്‌ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.
കമ്പത്ത് നിരോധനാജ്ഞ:അതേസമയം, ആന ഇപ്പോഴത്തെ നിലയിൽ നിന്ന് മാറാതെ നോക്കും. കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി.
തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. ആരും പ്രതീക്ഷിക്കാതെയാണ് അരിക്കൊമ്പൻ കമ്പത്ത് എത്തിയതെന്ന് കമ്പം എം.എൽ.എ എം രാമക്യഷ്‌ണൻ പ്രതികരിച്ചു. ഉടൻ എസ്.പിയേയും കലക്‌ടറെയും വിവരം അറിയിച്ചുവെന്നും തുടർന്ന് ഇവർ ഇടപെട്ട് ആനയെ തനിയെ ഒരിടത്ത് എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്‌റ്റില്‍:അതേസമയം, കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്‌റ്റിലായി. തേനി ജില്ലയിലെ ചിന്നമന്നൂര്‍ സ്വദേശിയായ ഹരിയേയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഡ്രോണ്‍ പറത്തിയത് അരിക്കൊമ്പനെ പ്രലോഭിപ്പിക്കുന്നതിന് കാരണമായതിനാലാണ് നടപടി.
പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പന്‍ ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്ന് തോട്ടത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ പുളിമരത്തോട്ടത്തില്‍ വച്ച് മയക്ക് വെടി വച്ച് പിടികൂടാമെന്ന വനം വകുപ്പിന്‍റെ പദ്ധതി നടപ്പാക്കാതായി.
ഇടുക്കിയിലെ വിവിധ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയിരുന്ന അരിക്കൊമ്പനെ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് മയക്ക് വെടി വച്ച് പിടികൂടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേക്ക് വിട്ടയച്ചത്. പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ അരിക്കൊമ്പന്‍ പിന്നീട് കമ്പം ടൗണിലേക്ക് ഇറങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചയോടെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി. റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ നശിപ്പിച്ചു. കമ്പം ടൗണിലെത്തി റോഡിലൂടെ വിഹരിക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.