ഇടുക്കി : അരിക്കൊമ്പൻ മിഷന് പൂർണ സജ്ജമായി വനംവകുപ്പ്. കാലാവസ്ഥ അനുകൂലമായതുകൊണ്ട് തന്നെ ഇന്ന് രാവിലെയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചേക്കുമെന്നാണ് വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. നേരത്തെ ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്ന് ദൗത്യ സംഘം അറിയിച്ചു.
ജനങ്ങൾ പൂർണമായും ദൗത്യത്തോട് സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മയക്കുവെടി വച്ചതിന് ശേഷം ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റിയതിന് ശേഷമാണ് മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ സഹായം വേണ്ടിവരുന്നത്. ആനയുമായി പോകുന്ന വഴിയിൽ മറ്റ് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ സസ്‌പെൻസ് തുടരുകയാണ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിലേക്ക് അല്ല. മറിച്ച് ഉൾക്കാട്ടിലേക്കാണ്.
സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡിഎഫ്ഒ എൻ രാജേഷ് വ്യക്തമാക്കി. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ദൗത്യസംഘത്തെ എട്ട് സംഘങ്ങളായി തിരിക്കും. ഇതിൽ ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടി വയ്ക്കാനാണ് നിയോഗിക്കുക. ഒരോ സംഘത്തിനും പ്രത്യേകം ഡ്യൂട്ടികൾ നൽകിയിട്ടുണ്ട്.