ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ നിന്ന് കണ്ടെത്തി. മന്നാക്കുടി സ്വദേശി പാറയിൽ ഹരികൃഷ്‌ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹരികൃഷ്‌ണനെ നവംബർ ഒന്നിനാണ് ഇരട്ടയാർ അണകെട്ടിൽ കാണാതായത്.
ഇന്ന് രാവിലെ അഞ്ചുരുളി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തടാകത്തിലൂടെ ഒഴുകുന്ന മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.
ALSO READ:Rain Updates: തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി
ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ ബന്ധുക്കളെത്തിയാണ് മൃതദേഹം ഹരികൃഷ്‌ണന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. നവംബർ ഒന്നാം തിയതി രാത്രിയിലാണ് ഇരട്ടയാർ ഡാം സൈറ്റിൽ യുവാവിന്‍റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡാമിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് സംഘം പിറ്റേ ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരട്ടയാറിൽ നിന്നും ഇടുക്കി ഡാമിലേയ്ക്ക് വെള്ളമെത്തിക്കുന്ന അഞ്ചുരുളി ടണൽ മുഖത്തും കഴിഞ്ഞ ദിവസങ്ങളില്‍ ഫയർ ഫോഴ്‌സ് സംഘം തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് കൂടുതലായതിനാൽ ശ്രമം അവസാനിപ്പിച്ചിരുന്നു. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.