ഇടുക്കി: അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന് സഞ്ചാരികളുടെ സ്വർഗമായ മൂന്നാര്‍. ശൈത്യകാല സീസണിലെ തണുപ്പ് ആദ്യമായി മൈനസ് ഡിഗ്രിയിലെത്തിയതോടെ മൂന്നാര്‍ തണുത്തു വിറച്ചു തുടങ്ങി. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം തന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും കാലാവസ്ഥ ആസ്വദിക്കുകയാണ് മൂന്നാറിലെത്തിയ സഞ്ചാരികള്‍.
മൈനസ് ഒന്നിലേക്ക്: കഴിഞ്ഞ ദിവസം മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പരിസര പ്രദേശങ്ങളായ കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെട്ട പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളുമെത്തി.