ഇടുക്കി: അടുത്ത ഫെബ്രുവരിക്ക് മുമ്പ് പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്‌തമാകാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ക്ഷീരവികസന വകുപ്പ് നേതൃത്വം നൽകി ഇടുക്കി ജില്ല ക്ഷീര വികസന സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയുടെ വളര്‍ച്ചക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും കേരളത്തില്‍ എട്ട് ലക്ഷം കുടുംബങ്ങള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിൽ ക്ഷീര കർഷക സംഗമം ക്ഷീരവികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ദ്വിദിന പരിപാടിയായാണ് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്.
ക്ഷീരമേഖല ഇപ്പോഴും വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തി വരികയാണെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.
ഇടുക്കിയുടെ ക്ഷീരമേഖലക്ക് നവോന്മേഷം പകരുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ക്ഷീരസംഗമത്തിന് രൂപം നല്‍കിയിരുന്നത്. കന്നുകാലി പ്രദര്‍ശനം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഡയറി എക്‌സിബിഷന്‍, ശില്‍പ്പശാലകള്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ് ബിജിമോള്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.