ഇടുക്കി: അടിമാലി ടൗണില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കൊലപാതകമാണെന്ന് സൂചന. അടിമാലി ടൗണിലും മറ്റുമായി താമസിച്ച് വന്നിരുന്ന കൊച്ചുപാറക്കല്‍ മാത്യുവിന്‍റെ മൃതദേഹമായിരുന്നു ഹില്‍ഫോര്‍ട്ട് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്‍റെ ഒന്നാംനിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച മാത്യുവിന്‍റെ സുഹൃത്തുക്കളായ ചിലരെ ഉള്‍പ്പെടെ ചോദ്യം ചെയ്തു വരികയാണെന്ന് അടിമാലി സി ഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.
മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച മാത്യുവിന്‍റെ സുഹൃത്തുക്കളായ ചിലരെ ചോദ്യം ചെയ്തു വരികയാണെന്ന് അടിമാലി സി ഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അടിമാലി ടൗണില്‍ ഹില്‍ഫോര്‍ട്ട് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടത്. സമീപത്തെ വ്യാപാര സ്ഥാപനം തുറക്കാന്‍ എത്തിയയാളാണ് മൃതദേഹം കാണുന്നത്. തുടർന്ന് വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് മൃതദേഹം മാത്യുവിന്‍റേതെന്ന് ഉറപ്പുവരുത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ കൊലപാതകമാണെന്ന തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ചതായി അടിമാലി സി ഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത വിധം കെട്ടിടത്തിന്‍റെ വരാന്ത അവസാനിക്കുന്നിടത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിനരികെ രക്തം തളംകെട്ടി കിടന്നിരുന്നതായും ഇവിടെ നിന്നും ഒരു സിമന്‍റ് ഇഷ്ടികയുടെ ഭാഗം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.