ഇടുക്കി : മാവടിയിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്‍റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി കുടുംബം. സുരേഷിന്‍റേത് കൊലപാതകമാണെന്നും എന്നാൽ ആത്മഹത്യയാക്കി എഴുതിത്തള്ളാനാണ് പൊലീസ് ശ്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ പൊലീസ് നടത്തിയ ചില ഇടപെടലുകള്‍ ബന്ധുക്കളിൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. സുരേഷിനെ കാണാതായതിനെത്തുടർന്ന് പരാതി നൽകിയെങ്കിലും കൃത്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
2020 മെയ് ആറിനാണ് മാവടിയിൽ നിന്ന് കൈലാസത്തേക്ക് പോകുന്ന റോഡിൽ നിന്നും 150 മീറ്റർ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ ഒന്നര വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അസ്ഥികൂടം, മുന്‍പ് കാണാതായ പള്ളേമ്പിൽ സുരേഷിന്‍റേതാണെന്ന ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നത്. 2019 സെപ്റ്റംബർ മൂന്നിനാണ് സുരേഷിനെ കാണാതാവുന്നത്.
പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് ചാക്കിലാക്കി കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ വസ്ത്രങ്ങളും, ചെരുപ്പും, മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. അസ്ഥികൂടത്തിൽ നിന്നും വെപ്പ്‌പല്ലും ലഭിച്ചിരുന്നു.