ഇടുക്കി/എറണാകുളം: ക്രൈസ്‌തവ സമൂഹം ഇന്ന് (14.04.2022) പെസഹ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് (15.04.2022) ക്രിസ്‌തുദേവന്‍ സകല ജനതയുടെയും പാപം പേറുന്നതിന് കുരിശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായ ദു:ഖവെള്ളി.
യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ പുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.
കുടുംബങ്ങളില്‍ വൈകുന്നേരം പെസഹ അപ്പം മുറിക്കും. പെസഹ വ്യാഴവും നാളെ ദുഃഖവെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്‌തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്‌ച പെസഹ വ്യാഴം എന്ന വിശുദ്ധ ദിവസമായാണ് ക്രൈസ്‌തവര്‍ ആഘോഷിക്കുന്നത്.
വിശുദ്ധ ആഴ്‌ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. യേശു തന്‍റെ അപ്പോസ്‌തോലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്‍റെ ഓര്‍മക്കായാണ് ഈ ആചാരം അനുഷ്‌ഠിച്ചു വരുന്നത്. 'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിന്‍റെ അര്‍ഥം.
ക്രിസ്‌തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്‌ചയാണ്. ക്രൈസ്‌തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബ്ബാനയുടെ ആരംഭവും പെസഹയായാണ് കണക്കാക്കപ്പെടുന്നത്.
പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ''പെസഹ പാലില്‍'' മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു. ദു:ഖവെള്ളിയാഴ്‌ചയായ നാളെ കുരിശിന്‍റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും നടക്കും.