ഇടുക്കി: ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിവന്നിരുന്ന നിരാഹാര സമരം സമാപിച്ചു. 72 മണിക്കൂർ നീണ്ട നിരാഹാര സമരത്തിന്‍റെ സമാപന സമ്മേളന ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎസ് അരുൺ ആണ് നിരാഹാര സമരം നടത്തിവന്നിരുന്നത്.
മതികെട്ടാൻ ബഫർസോൺ വിജ്ഞാപനം; സർക്കാരിൻ്റെ വീഴ്‌ചയെന്ന് ഡീൻ കുര്യാക്കോസ് - ഇടുക്കിയിലെ ബഫർ സോണുകൾ
പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി 24ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവാസ സമരം നടത്തുമെന്നും കോൺഗ്രസ്.
കരട് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം ജനവാസ മേഖലകളെ ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനും വനം വകുപ്പിനും വലിയ വീഴ്‌ചയുണ്ടായെന്ന് എംപി പറഞ്ഞു. ഇ.എസ്.എയും ഇ.എസ്.ഇസഡും അടക്കം പുറപ്പെടുവിച്ചിരിക്കുന്ന എല്ലാ കരട് വിജ്ഞാപനങ്ങളിലും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ജൂൺ 30 വരെ നീട്ടിയിട്ടും മതികെട്ടാൻ പ്രദേശം ബഫർ സോണാക്കി വിജ്ഞാപനമിറക്കിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കരട് വിജ്ഞാപനം ഇറക്കിയതിന് ശേഷം കേരളത്തിൽ ബഫർ സോൺ വേണ്ടെന്ന നിലയിൽ ശുപാർശ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും എംപി കുറ്റപ്പെടുത്തി. ഇതിനെതിരെ നടത്തുന്ന എല്ലാ സമരങ്ങൾക്കും ജനപ്രതിനിധി എന്ന നിലയിലുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംഘടനകളുടേയും ആക്ഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ച ശേഷം ടൗണിൽ പന്തം കൊളുത്തി പ്രകടനവും നടത്തി തുടർ സമര പ്രഖ്യാപനത്തിനും യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചു. തുടർന്ന്, പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി 24ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവാസ സമരം നടത്തുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.