പാലക്കാട് :ദേശസാൽകൃത ബാങ്കിലെ മാനേജർക്കെതിരെ വിവാഹ തട്ടിപ്പ് പരാതിയുമായി സ്‌ത്രീകള്‍. കോഴിക്കോട് പാലാട്ട് പറമ്പ് സ്വദേശിയായ 38കാരിയും പാലക്കാട് കിണാശ്ശേരി സ്വദേശിയായ 45കാരിയുമാണ് ആലപ്പുഴ സ്വദേശി സിഎച്ച് സലീം എന്നയാള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നിലവിൽ പാലക്കാട്ടെ ദേശസാൽകൃത ബാങ്കിലെ മാനേജരാണ് ഇയാള്‍.
കോഴിക്കോട് സ്വദേശിയെ നാലാമതും പാലക്കാട് സ്വദേശിയെ അഞ്ചാമതുമാണ് ഇയാള്‍ വിവാഹം ചെയ്‌തതെന്ന് പരാതിയില്‍ പറയുന്നു. രണ്ട് സ്‌ത്രീകളുടെയും രണ്ടാം വിവാഹമായിരുന്നു. കോഴിക്കോട് സ്വദേശിയെ മഹല്ലിൽ നിന്നുള്ള രേഖകളടക്കം കാണിച്ച് മതപരമായാണ് വിവാഹം ചെയ്‌തത്. പാലക്കാട് സ്വദേശിയെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരവും കല്യാണം കഴിച്ചു.
നേരത്തെ വിവാഹമോചനം നേടിയെന്ന്, വ്യാജ രേഖകളാണ് ഇയാള്‍ രണ്ട് സ്‌ത്രീകളെയും കാണിച്ചത്. വിവാഹത്തിന് ശേഷം തമിഴ്‌നാട് ട്രിച്ചിയിൽ താമസിക്കവെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. കടുത്ത പീഡനങ്ങൾ സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സ്‌ത്രീകള്‍ക്കും ബന്ധുക്കൾക്കുമെതിരെ ഇയാൾ കള്ളക്കേസ് കൊടുത്തുവെന്നും പരാതിയില്‍ പറയുന്നു.
ആലപ്പുഴ സ്വദേശിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്‌തത്. രണ്ട് കുട്ടികളായതിന് ശേഷം അവരെ ഒഴിവാക്കി, പിന്നെ തുടരെ രണ്ട് വിവാഹം കഴിച്ചു. ഇപ്പോൾ മറ്റൊരു സ്‌ത്രീക്കൊപ്പമാണ് ഇയാള്‍ കഴിയുന്നതെന്നും സ്‌ത്രീകള്‍ ആരോപിച്ചു. നിലവില്‍ വാടക വീട്ടില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ആകെയുള്ള സ്ഥലം ഇയാള്‍ കോടതിയിൽ അറ്റാച്ച് ചെയ്യിച്ചുവെന്നും ഇവരുടെ കൈവശമുണ്ടായിരുന്ന 22 പവൻ സ്വർണം വസ്‌തു വാങ്ങാനെന്ന് പറഞ്ഞ് തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.
പത്ത് വർഷത്തോളം നഴ്‌സായി ജോലി ചെയ്‌ത ഇവർക്ക് മാനസിക രോഗമാണെന്ന് വരുത്തി തീർക്കാന്‍ ശ്രമിച്ചുവെന്നും ഇവരുടെ മകളെ ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. നിലവിൽ കല്ലേക്കാട് കോങ്ങാട്, സൗത്ത് പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.