ഇടുക്കി:അധ്വാനിക്കാൻ ഒരു മനസും ആരോഗ്യവുമുണ്ടെങ്കിൽ പ്രായം വെറും ഒരു അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് അടിമാലി ഇരുമ്പുപാലം സ്വദേശിനിയായ 68കാരി. 22-ാം വയസിലാണ് ചക്കുംകുടിയിൽ മറിയാമ്മകുട്ടി വർഗീസെന്ന ഈ കർഷക തന്‍റെ കാർഷിക ജീവിതം ആരംഭിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഈ പ്രായത്തിലും അവര്‍ തെങ്ങിൽ കയറി തേങ്ങയിടുന്നത്.
മണ്ണിനോടും പ്രതികൂലജീവിത സാഹചര്യങ്ങളോടും പടവെട്ടി, മറിയക്കുട്ടി ധാരാളം അനുഭവ സമ്പത്തുകളും അറിവുകളും തളരാത്ത മനസും നേടിയെടുത്തതും ശ്രദ്ധേയമാണ്. മൂന്നര ഏക്കർ കൃഷിയിടമാണ് മറിയക്കുട്ടിയ്‌ക്കുള്ളത്. രാവിലെ ആറു മണിയ്ക്ക് തുടങ്ങുന്ന പറമ്പിലെ അധ്വാനം സന്ധ്യമയങ്ങുന്നതുവരെ തുടരും. തന്‍റെ കൃഷിയിടത്തിലെ റബ്ബർ ടാപ്പിങ്, കന്നുകാലികളുടെയും ആടുകളുടെയും പരിപാലനം, കുരുമുളക്, ജാതി, ഏലം, തുടങ്ങിയ കാർഷികവിളകളുടെ പരിപാലനം തുടങ്ങി വീട്ടിലേക്ക് ആവശ്യമായ തേങ്ങ ഇടലും എല്ലാം മറിയക്കുട്ടി ഒറ്റയ്ക്കാണ് ചെയുന്നത്.
തൊഴിലാളികളെ കിട്ടിയില്ല, തെങ്ങുകയറ്റം പഠിച്ച് 'സൂപ്പര്‍ മറിയക്കുട്ടി'