ഇടുക്കി: മറയൂരിലെ മുനിയറകള്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയതോടെ ചരിത്രശേഷിപ്പുകള്‍ നാശത്തിന്‍റെ വക്കില്‍. സംഘം ചേര്‍ന്നുള്ള മദ്യപാനത്തിനടക്കം ചിലര്‍ ഇവിടം ഉപയോഗിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. അനുവാദമില്ലാതെ ജീപ്പ് സവാരിയും ഇവിടെ പതിവായിരിക്കുകയാണ്. ഇതിനെതിരെ പുരാവസ്‌തു വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വർധിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ
ആയിരക്കണക്കിന് മുനിയറകള്‍ നിലനിന്നിരുന്നിടത്ത് നിലവില്‍ അവശേഷിക്കുന്നത് നൂറിൽ താഴെ മാത്രമാണ്. മൂവായിരം മുതല്‍ ആറായിരത്തിലധികം വരെ വര്‍ഷം പഴക്കമുള്ളതും നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്‌തിട്ടുള്ളതുമായ മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്‌തു വകുപ്പോ ബന്ധപ്പെട്ട അധികാരികളോ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയായി ഇവ ഉപയോഗിക്കുകയാണ്.
ചരിത്ര പ്രാധാന്യമുള്ള സ്‌മാരകങ്ങൾ
മറയൂര്‍- കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ലെ ട്രാവന്‍കൂര്‍ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവില്‍ക്കടവ് ഭാഗത്തെ പാമ്പാറിന്‍റെ തീരങ്ങള്‍, കോട്ടക്കുളം, മുരുകന്‍ മല,എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകള്‍ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാംസ്‌കാരികമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ജനത വസിച്ചിരുന്നു എന്നതിന്‍റെ കൂടി തെളിവാണ് മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും.
സ്റ്റോണ്‍ ഹെഞ്ചുകളുമായി സാമ്യം
ബ്രിട്ടണിലെ സ്‌റ്റോണ്‍ ഹെഞ്ചുകള്‍ക്കും ഇതേ കാലപ്പഴക്കവും സമാന മാതൃകയുമാണ് ഉള്ളത്. മരണത്തെ തുടര്‍ന്ന് അവര്‍ ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍ വലിയ മണ്‍പാത്രങ്ങളിലാക്കി മുനിയറകളുടെ അടിയില്‍ നിക്ഷേപിച്ച ശേഷമാണ് മുകളിൽ പാറകള്‍ കൊണ്ട് വീടിന്‍റെ മാതൃക നിര്‍മിച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്ര പ്രാധാന്യമുള്ള സ്‌മാരകങ്ങളാണ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും പ്രകൃതി മനോഹാരിത ആസ്വാദിക്കുന്നതിനും ബന്ധപ്പെട്ടവര്‍ പദ്ധതികൾ തയ്യാറാക്കിയാൽ ചരിത്രപഠന വിദ്യാർത്ഥികൾക്കും വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നും നാട്ടുകാര്‍ പറയുന്നു.