ഇടുക്കി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മറയൂരിലെ 'ചില്ല' ആഴ്‌ച ചന്ത കൊവിഡ് മാനദണ്ഡങ്ങളോടെ പുനരാരംഭിച്ചു. പ്രകൃതി ദുരന്തങ്ങളും വന്യജീവികളുടെ ശല്യവും അതിജീവിച്ച് മറയൂർ മലനിരകളിൽ വിളഞ്ഞ കായ്‌കനികളാണ് 'ചില്ല' വിപണിയെ സമ്പന്നമാക്കുന്നത്. ആദിവാസി ഗ്രാമങ്ങളിലെ നെല്ലിക്കയും കൂർക്കയുമാണ് ഇപ്പോഴത്തെ പ്രധാന ഉൽപന്നങ്ങൾ.
വനത്തിൽ വിളയുന്ന കാട്ടുനെല്ലിക്ക, ഗോത്രവർഗ കോളനികളിൽ കൃഷി ചെയ്‌ത കൂർക്ക കിഴങ്ങ്, ചെറുനാരങ്ങ, ഏലക്ക, കാന്താരി മുളക്, ബീൻസ്, മുരിങ്ങ ബീൻസ്, ബട്ടർ ബീൻസ്, ഉരുളകിഴങ്ങ്, പാഷൻ ഫ്രൂട്ട്, മരത്തക്കാളി എന്നിവ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതിനുപുറമെ കോളനികളിൽ വളർത്തുന്ന നാടൻ കോഴിക്കും ആടിനും ആവശ്യക്കാരേറെയായിരുന്നു. വില അൽപം കൂടിയാലും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി വ്യാപാരികൾ എത്തി. ഇതോടെ വിപണിയിൽ മത്സരമായി.