ഇടുക്കി: മൂടല്‍മഞ്ഞും അടിക്കടിയുള്ള മഴയും അഞ്ചുനാട്ടിലെ ശർക്കര നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി. മേഖലയില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന കനത്ത മഴയും കോടയും ശര്‍ക്കര ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശര്‍ക്കര ഉത്പാദനം കുറഞ്ഞപ്പോഴും വിലയില്‍ വര്‍ധനവില്ലാത്തതും നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നു.
മറയൂർ ശർക്കര നിർമാണം പ്രതിസന്ധിയിൽ - മറയൂർ ശർക്കരക്ക് വിലയില്ല
ശർക്കരക്ക് വിപണിയിൽ വേണ്ടത്ര വില ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്

ശര്‍ക്കര നിര്‍മിക്കാൻ കത്തിക്കാനുപയോഗിക്കുന്ന കരിമ്പിന്‍ ചണ്ടികള്‍ മഴ കാരണം ഉണക്കാനാകുന്നില്ല. മാത്രമല്ല കരിമ്പ് വെട്ടാന്‍ ജോലിക്കാരെ കിട്ടാത്തതും ശർക്കര നിർമാതാക്കളെ ബാധിക്കുന്നുണ്ട്. അതേസമയം ഒരു ചാക്ക് ശര്‍ക്കരക്ക് 3,500 രൂപ മുതല്‍ 3,700 രൂപ വരെ മാത്രമാണ് വില. മറയൂര്‍ ശര്‍ക്കരക്ക് ചാക്കിന് ശരാശരി വിലയായി 4,000 രൂപ മുതല്‍ 4,500 രൂപ വരെയെങ്കിലും ലഭിച്ചാല്‍ മാത്രമെ ഫലം ഉള്ളൂ എന്ന് കര്‍ഷകര്‍ പറയുന്നു.
പൊതുവെ ഉത്പാദനത്തില്‍ കുറവുണ്ടായാല്‍ ആ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍റ് അനുസരിച്ചാണ് വില വര്‍ദ്ധിക്കാറ്. എന്നാല്‍ മറയൂര്‍ ശര്‍ക്കരയുടെ കാര്യത്തില്‍ അത് സംഭവിക്കാറില്ല. ഇതേ രീതിയിലാണ് കഴിഞ്ഞ മാസം ഉത്പാദനത്തില്‍ കുറവുണ്ടായിട്ടും വിലയില്‍ വ്യത്യാസം ഇല്ലാതെ തുടർന്നത്. മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ തമിഴ്‌നാട്ടിൽ നിര്‍മിച്ച ശര്‍ക്കര കേരളത്തില്‍ വ്യാപാരികള്‍ വിൽക്കുന്നതിനാലാണ് മറയൂര്‍ ശര്‍ക്കരക്ക് വില കൂട്ടി നല്‍കാതെ കര്‍ഷകരെ ചുഷണം ചെയ്യുന്നതെന്നും കർഷകർ പറയുന്നു.