ഇടുക്കി: നെടുങ്കണ്ടം മാന്‍കുത്തിമേട്ടില്‍ റവന്യുവകുപ്പ് അധികൃതര്‍ വന്‍ കൈയേറ്റം ഒഴിപ്പിച്ചു. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തി ഉപയോഗിച്ച് വച്ചിരുന്ന 80 ഏക്കര്‍ ഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. മാന്‍കുത്തിമേട് ആദിവാസി സെറ്റില്‍മെന്‍റ് കോളനിക്ക് സമീപത്ത് ടൂറിസവും കൃഷിയും ലക്ഷ്യം വെച്ച് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അധികൃതര്‍ ഒഴിപ്പിക്കലിന്‍റെ ഭാഗമായി തരകര്‍ത്തിട്ടുണ്ട്.
മന്‍കുത്തിമേട്ടില്‍ അനധികൃത കൈയേറ്റം റവന്യു വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മൊട്ടക്കുന്നുകള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് സ്വകാര്യവ്യക്തി കൈവശം വെച്ചത്. പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി ഷെഡുകള്‍ നിര്‍മിച്ച് കൃഷി ആവശ്യത്തിനായുള്ള ജല വിതരണ സംവിധാനവും സജ്ജീകരിച്ചിരുന്നു. പരിശോധനയില്‍ പുല്‍മേടുകളും, പാറ തരിശ് ഭൂമികള്‍ കൈയേറി സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തി.
കൈയേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടങ്ങള്‍ ഉടുമ്പന്‍ചോല റവന്യു സംഘത്തിന്റെ നേതൃത്വത്തിലാണ് തകര്‍ത്തത്. പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന വേലികള്‍ ജെസിബി ഉപയോഗിച്ച് നശിപ്പിച്ച് ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നടത്തുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്‌ത ജോണികുട്ടിയെക്കെതിരെ റവന്യു വകുപ്പ് നിയമ നടപടികള്‍ സ്വീകരിയ്ക്കും.
മേഖലയിലെ അനധികൃത കൈയേറ്റം പ്രദേശത്തെ താമസക്കാരായ ആദിവാസികളാണ് റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതേ തുടര്‍ന്ന്, ചതുരംഗപ്പാറ വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിയ്ക്കുകയും കൈയേറ്റം ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും ചെയ്‌തിട്ടുണ്ട്. പരാതി നല്‍കിയ വ്യക്തിയെ കൈയേറ്റക്കാരന്‍ ഭീഷണി പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്.