ഇടുക്കി:നെടുങ്കണ്ടം ചതുരംഗപ്പാറ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറി ബിജെപി നേതാവ് ജോണിക്കുട്ടി ഒഴുകയില്‍. നേരത്തെ അധികൃതര്‍ ഒഴിപ്പിച്ചെടുത്ത 80 ഏക്കര്‍ ഭൂമിയിലാണ് സമീപവാസികൂടിയായ ജോണിക്കുട്ടി വീണ്ടും കയ്യേറ്റം നടത്തിയത്. രണ്ടരയേക്കറോളം ഭൂമിയില്‍ ഇയാള്‍ നടത്തി വന്ന ഏലം കൃഷി റവന്യു വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചു.
2022 ജൂണ്‍ ഒന്നിനായിരുന്നു കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാന്‍കുത്തിമേട്ടിലെ 80 ഏക്കര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവത്തില്‍ സമീപ സ്ഥല ഉടമ ജോണിക്കുട്ടി ഒഴുകയിലിനെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇതേ ഭൂമിയില്‍ തന്നെ ഇയാള്‍ കയ്യേറ്റം നടത്തിയത്.