ഇടുക്കി: കൊവിഡ് മഹാമാരി ലോകം മുഴുവനും പടർന്ന് പിടിക്കുമ്പോഴും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കൊവിഡിനെ അകറ്റി നിർത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി കുടിയായ മഞ്ഞക്കുഴി മുതുവാക്കുടി. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ആദിവാസി കുടികളിലും സംസ്ഥാനത്തെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിലും വരെ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും മുതുവാക്കുടി കൊവിഡ് പ്രതിരോധം തീർക്കുന്നതിൽ വിജയിച്ചു.
കൊവിഡിനെ പടിക്ക് പുറത്ത് നിർത്തി മഞ്ഞക്കുഴി മുതുവാക്കുടി നിവാസികൾ കുടി നിവാസികളുടെ കരുതലോടെയും കൂട്ടായുമുള്ള പ്രവർത്തനങ്ങളാണ് രണ്ടാം തരംഗം എത്തിയിട്ടും കൊവിഡിനെ മുതുവാക്കുടിക്ക് പുറത്ത് നിർത്താൻ കാരണമായത്. കൊവിഡിനെ തുരത്താൻ വേണ്ടത്ര മുൻകരുതലുകളും ബോധവൽക്കരണവും മുതുവാക്കുടി നിവാസികൾക്ക് സ്വീകരിച്ചു.
കൊവിഡ് പ്രതിരോധമാർഗങ്ങൾ പാലിച്ച് മുതുവാക്കുടി നിവാസികൾ
ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബ ശ്രീ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് എൺപതോളം കുടുംബങ്ങളിലായി മുന്നൂറോളം ആളുകളുള്ള കുടിയിൽ കൊവിഡിനെ അകറ്റി നിർത്താൻ സഹായിച്ചത്. കൊവിഡ് വ്യാപനം കൂടിയ സമയത്ത് മഞ്ഞക്കുഴി ആദിവാസി കുടിയിലേക്ക് പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൂർണമായും ആരോഗ്യവകുപ്പ് നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കുടി നിവാസികൾ ഇക്കാലം വരെയും കഴിഞ്ഞത്.
മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനും ഇവർ പ്രത്യേകം ശ്രദ്ധിച്ചു. കുടിയിലെ ഒന്നോ രണ്ടോ വണ്ടികൾ മാത്രമാണ് പുറത്തേക്ക് പോയിരുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിനും കുടി നിവാസികൾക്ക് മടി ഉണ്ടായിരുന്നില്ല. ഗ്രാമപഞ്ചായത്തിലെ ആദ്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയതും കുടിയിൽ ആയിരുന്നു.
രാജകുമാരി ഗ്രാമപഞ്ചായത്തിൽ 2600ഓളം കൊവിഡ് കേസുകളും 20 കൊവിഡ് മരണങ്ങളുമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ചിട്ടയായ ജീവിതക്രമവും ഉറച്ച തീരുമാനങ്ങളും കാരണം കുടി നിവാസികൾക്ക് ഒരാൾക്ക് പോലും രോഗം ബാധിച്ചില്ലെന്ന് അധികൃതർ പറയുന്നു.
Also Read: 'പെൺകുട്ടികളോട് സംസാരിക്കരുത്', കണ്ണൂരില്‍ വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ; രണ്ട് പേർക്ക് സസ്‌പെൻഷൻ