മംഗളാദേവിയിലെ ചിത്രപൗര്‍ണമി കൊടിയിറങ്ങി ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം വര്‍ണാഭമായി. വർഷത്തിലൊരിക്കൽ മാത്രം ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന ക്ഷേത്രത്തിലേക്ക് കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ആയിരകണക്കിനാളുകളാണ് ഇന്നലെ (വെള്ളിയാഴ്‌ച) ഉത്സവത്തിനായി ഒഴുകിയെത്തിയത്. അതിര്‍ത്തി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായത് കൊണ്ട് ഭാഷയും സംസ്‌കാരവും ഒത്തു ചേരുന്ന ഒരു ഉത്സവം കൂടിയാണ് ചിത്ര പൗര്‍ണമി ഉത്സവം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമിഴ്‌നാട്ടിലെ കണ്ണകി ട്രസ്റ്റുമാണ് പൂജകള്‍ നടത്തിയത്. രാവിലെ ആറ് മണി മുതൽ തന്നെ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ നട തുറന്ന് പ്രത്യേക പൂജകൾ നടത്തി.
ആദ്യ കാലങ്ങളിൽ ക്ഷേത്രം സംരക്ഷിച്ച് പോന്ന പൂഞ്ഞാർ രാജകുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. പൂജാതി കർമ്മങ്ങൾ വർഷങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേത്രത്തിൽ നിത്യ പൂജയടക്കം ആരംഭിക്കണമെന്ന് പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ് കുമാർ വർമ്മ പറഞ്ഞു. ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലേക്ക് കുമളില്‍ നിന്ന് വനത്തിലൂടെ 14 കിലോമീറ്റര്‍ കാല്‍നടയായിട്ടാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തിയത്.
മംഗളാദേവി ക്ഷേത്രവും ഐതിഹ്യവും: കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കുമളിയിലെ ഈ മംഗളാദേവി ക്ഷേത്രം. ഭദ്രകാളിയാണ് (കണ്ണകി) ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. കടല്‍ നിരപ്പില്‍ നിന്നും ഏകദേശം 1337 മീറ്റര്‍ ഉയരത്തില്‍ കുമളിയിലെ വനത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേരനാട്ടിലെ മഹാരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് കണ്ണകി വേണ്ടി ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം.
ചിലപ്പതികാരത്തിലെ കണ്ണകി - കോവലൻ കഥയാണ് മംഗള ദേവി ക്ഷേത്രത്തിന്‍റെ ഐതിഹ്യം. മധുര നഗരം ചുട്ടെരിച്ച ശേഷം കണ്ണകി ചേരനാട്ടിലെത്തി. തുടര്‍ന്ന് കാളി രൂപം പ്രാപിച്ച കണ്ണകിയെ മംഗള ദേവിയിൽ കുടിയിരുത്തിയെന്നുമാണ് വിശ്വാസം.
പുരാതന ചേര പല്ലവ-പാണ്ഡ്യ ശൈലിയില്‍ ശിലാപാളികള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രം നിര്‍മിച്ചതിന് ശേഷം കണ്ണകിയെ ഇവിടെ കുടിയിരുത്തിയെന്നും എന്നാല്‍ അതിന് ശേഷം കണ്ണകി ഇവിടെ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോയെന്ന് വിശ്വാസിക്കുന്നവരുമുണ്ട്.
പ്രവേശനം നിയന്ത്രണങ്ങളോടെ: ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് വനപാതയിലും ക്ഷേത്ര പരിസരത്തും ഒരുക്കിയിരുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് പാസ് നല്‍കിയാണ് വാഹനങ്ങള്‍ സജ്ജീകരിച്ചത്. കാല്‍നടയായി പോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ വനം വകുപ്പ് ക്രമീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, അഗ്നി സുരക്ഷാസേന, പൊലീസ് തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കി. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വനത്തിലാണ് തുറന്ന് വിട്ടത്.
ജനങ്ങള്‍ക്ക് നേരെ അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അതേസമയം ഉത്സവത്തോട് അനുബന്ധിച്ചുള്ള യോഗങ്ങളിൽ നിന്ന് ഹൈന്ദവ സംഘടനകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സംഘടന ഭാരവാഹികൾ രംഗത്തെത്തി. ഇടുക്കി, തേനി ജില്ല ഭരണകൂടത്തിന്‍റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ കേരള- തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ചിത്ര പൗര്‍ണ്ണമി ഉത്സവത്തിന് നേതൃത്വം നല്‍കിയത്. ആചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ച കഴിഞ്ഞ് മൂന്നോടെ ക്ഷേത്ര നടയടച്ചു.