കൊവിഡിൽ ഷെഫ് ജോലി നഷ്ടപ്പെട്ടയാൾ മത്സ്യ കച്ചവടം ആരംഭിച്ചു
ഷെഫ് ആയി ജില്ലക്ക് അകത്തും പുറത്തും ജോലി നോക്കിയിരുന്ന ബിനു തൊഴിൽ നഷ്ടമായതോടെ കുടുംബത്തെ പോറ്റാനായി മറ്റു ജോലികൾ അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് മത്സ്യ കച്ചവടത്തിലേക്ക് തിരിഞ്ഞത്
ഇടുക്കി: കൊവിഡ് വ്യാപനം മൂലം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ മികച്ച പാചകക്കാരനായ ഇടുക്കി കമ്പിളികണ്ടം സ്വദേശി മത്സ്യ കച്ചവടം ആരംഭിച്ചു. ഷെഫ് ആയി ജില്ലക്ക് അകത്തും പുറത്തും ജോലി നോക്കിയിരുന്ന ബിനുവിന് കൊവിഡ് ആരംഭിച്ചതോടെ തൊഴിൽ നഷ്ടമായി. കുടുംബത്തെ പോറ്റാനായി മറ്റു ജോലികൾ അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് ബിനു മത്സ്യ കച്ചവടത്തിലേക്ക് തിരിഞ്ഞത്. 10 വർഷത്തിലേറെയായി ഷെഫായിരുന്ന ബിനു ഉപജീവനത്തിനു മാർഗമില്ലാതായതോടെയാണ് വഴിയോരത്ത് മത്സ്യ കച്ചവടം തുടങ്ങിത്. കമ്പിളികണ്ടം ടൗണിലെ പാതയോരത്താണ് കച്ചവടം. അടിമാലിയിലും കോതമംഗലത്തും കാറ്ററിംഗ് സ്ഥാപനങ്ങളിലും ബിനു ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു മാസക്കാലമായി തൊഴിലില്ലാതായ ബിനു ഒന്നരമാസമായി മത്സ്യക്കച്ചവടം നടത്തുകയാണ്. പിതാവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ബിനുവിന്‍റെ കുടുംബം. പുതിയ തൊഴിൽ മേഖലയിലൂടെ ഉപജീവനം നടത്താനുള്ള പരിശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.